ADVERTISEMENT

തിരുവനന്തപുരം∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലത്തു കത്തിച്ചാൽ അര ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് അധികാരം ലഭിക്കും. ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരിൽ സർക്കാർ തയാറാക്കിയ കരടു ചട്ടങ്ങൾ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെയാണ് ഈ അധികാരം ലഭിക്കുക.

ആദ്യ തവണ 10,000 രൂപ, രണ്ടാം തവണ 25,000 രൂപ, മൂന്നാം തവണ 50,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കാം. തുറസ്സായ സ്ഥലത്തു പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടോ എന്നതിൽ വ്യക്തതയില്ല. ഉപനിയമാവലിയിലെ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കാവുന്ന പരമാവധി നടപടിയാണു പ്രവർത്തനാനുമതി റദ്ദാക്കൽ. സംസ്ഥാനത്തു പലയിടത്തും സ്ഥാപനങ്ങൾക്കും മറ്റും സമീപം ദിവസവും രാത്രി പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ കത്തിക്കുന്ന പ്രവണതയുണ്ട്.

∙ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചു നിർമിച്ച കവറുകളിലും കണ്ടെയ്നറിലും പാത്രങ്ങളിലും ഭക്ഷണമോ പാനീയമോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ പാക്ക് ചെയ്യാനോ പാടില്ല.

∙ പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്, ലോഹം പൂശിയ മാലിന്യങ്ങൾ, സാഷെകൾ, പൗച്ചുകൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നവർ, ബ്രാൻഡ് ഉടമകൾ, ഉൽപാദകർ എന്നിവർ ഉപയോഗം കഴിഞ്ഞ ഇത്തരം ഉൽപന്നങ്ങൾ തിരിച്ചെടുക്കാൻ നേരിട്ടോ ഏജൻസി വഴിയോ സംവിധാനം ഒരുക്കണം. അല്ലെങ്കിൽ ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ല. 

ഇങ്ങനെ ഉൽപന്നങ്ങൾ തിരിച്ചെടുക്കാനുള്ള എക്സ്റ്റെൻ‌ഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡ് ഉടമ എന്നിവർക്കാണ്. ഇക്കാര്യം തദ്ദേശസ്ഥാപന സെക്രട്ടറി ഉറപ്പാക്കണം.

∙ നിയോഗിക്കപ്പെട്ട ഏജൻസികളും ഹരിത കർമസേനകളും സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തങ്ങൾ ശേഖരിക്കുന്നതും സംസ്കരിക്കുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിശദാംശങ്ങളും അളവും മറ്റും വ്യക്തമാക്കി ത്രൈമാസ, വാർഷിക റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിക്കു നൽകണം. തദ്ദേശസ്ഥാപനം വാർഷിക റിപ്പോർട്ട് പഞ്ചായത്തിനോ നഗരകാര്യ വകുപ്പിനോ സമർപ്പിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിനും റിപ്പോർട്ടിന്റെ പകർപ്പു കൈമാറണം.

Content Highlights: Plastic waste management Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com