ADVERTISEMENT

കോഴിക്കോട് ∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. കൽപറ്റ മണ്ഡലത്തിലാകാനാണ് സാധ്യത. കൊയിലാണ്ടിയും ചർച്ചകളിൽ ഉണ്ടെങ്കിലും ആദ്യപരിഗണന കൽപറ്റയാണ്. ‘മത്സരിക്കുമോ’ എന്ന ചോദ്യത്തിനു മറുപടിയായി മുല്ലപ്പള്ളി ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞത്, ‘‘എഐസിസി ആവശ്യപ്പെടുന്ന ഏതു തീരുമാനവും ശിരസാ വഹിക്കും’’ എന്നാണ്.

കൽപറ്റ സീറ്റിൽ മത്സരിക്കുമെന്ന റിപ്പോർട്ടിനെക്കുറിച്ച്, ‘‘അറിയില്ല. അത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല’’ എന്നായിരുന്നു പ്രതികരണം. ഉത്തര മലബാറിലെ ഏതെങ്കിലും മണ്ഡലം തിരഞ്ഞെടുക്കുമോ എന്നു ചോദിച്ചപ്പോൾ ‘‘നാളെ വരൂ, ഒരു ചായ കുടിച്ചു സംസാരിക്കാം’’ എന്നു മറുപടി. മത്സരിച്ചാലും സംസ്ഥാനം മുഴുവൻ പ്രചാരണത്തിനു പോകേണ്ടിവരും എന്നതും കണക്കിലെടുക്കേണ്ടിവരും – അദ്ദേഹം മനോരമയോടു പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മുല്ലപ്പള്ളി ഹൈക്കമാൻഡ് പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തു. മുല്ലപ്പള്ളി മത്സരിക്കുന്നതിനോട് എതിർപ്പില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. കെപിസിസി പ്രസിഡന്റെന്ന നിലയിൽ ഏതു മണ്ഡലം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഹൈക്കമാൻഡ് നൽകി. 

കൽപറ്റയിലാണു മത്സരമെങ്കിൽ സ്ഥലം എംപിയെന്ന നിലയിൽ പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും മുല്ലപ്പള്ളിക്കു ഗുണം ചെയ്യും. 7 തവണ ലോക്സഭാംഗവും 2 തവണ കേന്ദ്രമന്ത്രിയും ആയ മുല്ലപ്പള്ളി ഇതുവരെ നിയമസഭാംഗം ആയിട്ടില്ല. 2 തവണ മത്സരിച്ചിരുന്നു.

നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും കൽപറ്റ യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായാണ് വിലയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,083 വോട്ടിന് സിപിഎമ്മിലെ സി.കെ. ശശീന്ദ്രനാണ് വിജയിച്ചത്. എൽജെഡിയുടെ എം.വി. ശ്രേയാംസ്കുമാറിനെയാണ് പരാജയപ്പെടുത്തിയത്. അന്നു എൽജെഡി യുഡിഎഫിൽ ആയിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഇവിടെ 63,754 വോട്ട് ലീഡ് നേടി. തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടു കണക്കിലും യുഡിഎഫാണ് മുന്നിൽ. എൽഡിഎഫ് ഭരിച്ചിരുന്ന കൽപറ്റ നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ 4 തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.

∙ ‘മത്സരിച്ചാൽ കെപിസിസിക്കു താൽക്കാലിക അധ്യക്ഷൻ വേണോ എന്നു കോൺഗ്രസ് ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രി ആരാണെന്നു തിരഞ്ഞെടുപ്പിനു ശേഷം ഹൈക്കമാൻ‍ഡ് തീരുമാനിക്കും. കഴിവും കാര്യശേഷിയും ഉള്ള നേതാവാണ് ചെന്നിത്തല. സ്ഥാനാർഥി പട്ടികയിൽ പുതുമുഖങ്ങൾക്കു പ്രാധാന്യം കൊടുക്കും.’ – മുല്ലപ്പള്ളി രാമചന്ദ്രൻ

English Summary: Kerala Assembly Election: Mullappally Ramachandran may contest from Kalpetta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com