ADVERTISEMENT

മയ്യിൽ (കണ്ണൂർ)∙ സിപിഎം ശക്തികേന്ദ്രമായ മയ്യിൽ പഞ്ചായത്തിൽ മുസ്‍ലിം ലീഗിനെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. കയ്യുംകാലും കൊത്തി പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടുമെന്നും കൊല്ലേണ്ടവരെ കൊന്നിട്ടുള്ള പ്രസ്ഥാനമാണെന്നുമായിരുന്നു മുദ്രാവാക്യത്തിലെ കൊലവിളി. തിരഞ്ഞെടുപ്പു ദിവസം യുഡിഎഫ് ബൂത്ത് ഏജന്റിനെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രവർത്തകർക്കു മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലായിരുന്നു പ്രകടനവും മുദ്രാവാക്യം വിളിയും.

ചെറുപഴശ്ശിയിലെ യുഡിഎഫ് ബൂത്ത് ഏജന്റും ലീഗ് പ്രവർത്തകനുമായ വി.പി.സുബൈറിനെ ആക്രമിച്ച കേസിൽ ലോക്കൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി സി.പി.നാസർ എന്നിവരുൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാർഡിൽ ലീഗാണു ജയിച്ചത്. ജാമ്യം ലഭിച്ച് തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രവർത്തകർക്കു നൽകിയ സ്വീകരണത്തിലാണു പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർന്നത്. സ്വീകരണമേറ്റുവാങ്ങിയ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മുപ്പതോളം പേരാണു പ്രകടനത്തിൽ പങ്കെടുത്തത്. 18 വാർഡുകളുള്ള മയ്യിൽ പഞ്ചായത്തിൽ ഇത്തവണ 16 വാർഡിലും എൽഡിഎഫാണു ജയിച്ചത്. 

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നു യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം പാർട്ടി അന്വേഷിക്കുമെന്നും പ്രവർത്തകർ കുറ്റക്കാരാണെങ്കിൽ നടപടിയെടുക്കുമെന്നും മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. 

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ:

കയ്യും കൊത്തി കാലും കൊത്തി

പച്ചക്കൊടിയിൽ പൊതിഞ്ഞു കെട്ടി

ചോരച്ചെങ്കൊടി നാട്ടും ഞങ്ങൾ

ഞങ്ങൾക്കാളെ കൊല്ലണമെങ്കിൽ

പാണക്കാട്ടിൽ പോകേണ്ട

ട്രെയിനിങ്ങൊന്നും കിട്ടേണ്ട

കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ

തല്ലേണ്ടവരെ തല്ലും ഞങ്ങൾ

കൊന്നിട്ടുണ്ടീ പ്രസ്ഥാനം

ഓർത്തുകളിച്ചോ തെമ്മാടികളേ

English Summary: Provocative slogan by cpm in kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com