അശോക് ഗെലോട്ട് ഇന്നെത്തും; സമിതി യോഗം നാളെ

HIGHLIGHTS
  • മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു മാറുമെന്ന പ്രചാരണം നിഷേധിച്ചു
new-ashok-gehlot
SHARE

തിരുവനന്തപുരം ∙ ഉമ്മൻചാണ്ടി അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം നാളെ . രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘവും രാവിലെ 10നു ചേരുന്ന സമിതി യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് ഇതോടെ ഔദ്യോഗികമായ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്കു കടക്കും. 

ഇതുവരെ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയും അതിനു ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളുമാണ് എഐസിസിയും കെപിസിസിയും ആലോചിച്ചത് എങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും തന്ത്രങ്ങളിലേക്കും പാർട്ടി കടക്കുന്നു. ഗെലോട്ടും മറ്റ് അംഗങ്ങളായ മുൻ ഗോവ മുഖ്യമന്ത്രി ലുസിഞ്ഞോ ഫെലിറോ, മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ ഇന്നു വൈകിട്ട് ആറിന് എത്തും. തുടർന്ന് ഘടകകക്ഷി നേതാക്കൾക്ക് ഒപ്പം അത്താഴവും ചർച്ചയും. 

നാളെ രാവിലെ കെപിസിസി ആസ്ഥാനത്ത് എത്തുന്ന സംഘം തിരഞ്ഞെടുപ്പ് സമിതിയിൽ പങ്കെടുത്തശേഷം കെപിസിസി നേതൃയോഗത്തിലും സന്നിഹിതരാകും. പ്രത്യേകമായി നടത്തേണ്ട കൂടിയാലോചനകൾക്കു ശേഷം വൈകിട്ടു മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണം, അതിനു വേണ്ട ധനസമാഹരണം, പാർട്ടിയിലും മുന്നണിയിലും പരിഹരിക്കേണ്ട വിഷയങ്ങൾ എന്നിവ അവലോകനം ചെയ്യുകയാണ് നിരീക്ഷകരുടെ ആദ്യ സന്ദർശന ലക്ഷ്യം. 

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു മുല്ലപ്പള്ളി രാമചന്ദ്രൻ മാറുമെന്ന പ്രചാരണം പാർട്ടി കേന്ദ്രങ്ങൾ നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിക്കു മത്സരിക്കാൻ തടസ്സമില്ലെന്ന തീരുമാനം മാത്രമാണ് ഡൽഹിയിൽ കൈക്കൊണ്ടത്. അതിന് അദ്ദേഹം തയാറായാൽ മറ്റൊരാളെ ചുമതല ഏൽപിക്കുന്നത് ചർച്ച ചെയ്തിട്ടില്ല. മുല്ലപ്പള്ളി അധ്യക്ഷനായി തന്നെയാകും നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുക എന്നു പ്രസിഡന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. മുല്ലപ്പള്ളി മത്സരിച്ചാൽ പകരം കെ.സുധാകരൻ അധ്യക്ഷനാകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഇത്. 

ചർച്ചയ്ക്കു ക്ഷണം, വഴങ്ങാതെ തോമസ്

ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിനെ അനുനയിപ്പിക്കാൻ നീക്കം ശക്തം. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ പദം ഏറ്റെടുത്ത ഉമ്മൻചാണ്ടി തന്നെ അതിനു മുൻകൈ എടുത്തു. ഗെലോട്ടിന്റെ വരവിനോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് എത്തണമെന്ന് തോമസിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അനുകൂല മറുപടി നൽകിയില്ല. കൊച്ചിയിൽ മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്തിച്ചേരാനുള്ള അസൗകര്യമാണ് അറിയിച്ചത്. നാളത്തെ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ പരസ്യ പ്രതികരണത്തിനു തുനിയില്ലെന്ന് ഉമ്മൻ ചാണ്ടിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും തോമസ് വ്യക്തമാക്കി. 

English Summary: Ashok Gehlot will reach kerala today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA