ADVERTISEMENT

തിരുവനന്തപുരം∙കാക്കനാട് ബോസ്റ്റൽ സ്കൂളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ഷെഫീഖ് ചികിത്സയ്ക്കിടെ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകി.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഷെഫീഖിന്റെ തലയുടെ പിൻവശത്ത് ഉറച്ച പ്രതലത്തിൽ വീണാലോ എന്തെങ്കിലും വസ്തു തട്ടിയാലോ ഉണ്ടാകുന്ന പരുക്ക് സംഭവിച്ചിട്ടുണ്ട്. ഈ പരുക്കിന്റെ കാഠിന്യത്താൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നും പറയുന്നു. നിലവിൽ കേസിന്റെ അന്വേഷണം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ്. കസ്റ്റഡി മരണം ആണെങ്കിൽ സിബിഐ അന്വേഷണമാണു സർക്കാർ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്റ്റഡി മരണം സംബന്ധിച്ചു പഠിച്ച കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മറുപടി നൽകി. പരാതിക്കാരിയായ സാവിത്രി ഉൾപ്പെടെ സാക്ഷികളെയും മറ്റും കാണിച്ചു തിരിച്ചറിഞ്ഞ ശേഷമാണു 11നു വൈകിട്ട് ഷെഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു മുൻപു ഷെഫീഖിനെ പൂത്തോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. മെഡിക്കൽ ഒപി രേഖകൾ പ്രകാരം ഷെഫീഖിനെ കസ്റ്റഡിയിൽ എടുക്കുന്നതിനു തടസ്സമില്ലെന്നും അപസ്മാരം ഉണ്ടായിരുന്ന ആളാണെന്നും 3 മാസമായി മരുന്നു കഴിക്കുന്നില്ലെന്നും രേഖപ്പെടുത്തിയിരുന്നു.

കാക്കനാട് ബോസ്റ്റൽ സ്കൂളിൽ 12ന് അപസ്മാരം വന്നു സെല്ലിൽ വീണു. എറണാകുളം ജനറൽ ആശുപത്രിയിലും അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ 13നു പകൽ 3.10 നു മരിച്ചു. മനുഷ്യാവകാശ കമ്മിഷനും ബന്ധപ്പെട്ട കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുകയും ഫോർട്ട് കൊച്ചി സബ്ഡിവിഷനൽ മജിസ്ട്രേട്ട് ഇൻക്വസ്റ്റ് നടത്തുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വാഗതം ചെയ്ത്  ഷെഫീഖിന്റെ കുടുംബം

കാഞ്ഞിരപ്പള്ളി ∙ റിമാൻഡിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പിൽ ടി.എച്ച്.ഷെഫീഖ്(36) കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആകാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങൾ. സിബിഐ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ഷെഫീഖിന് എന്താണു സംഭവിച്ചതെന്ന് അറിയണമെന്നും ഭാര്യ സെറീന പറഞ്ഞു. സിബിഐ അന്വേഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമാണെന്നു ബന്ധുക്കളും അറിയിച്ചു. ഇതുവരെയും ആരുടെ ഭാഗത്തു നിന്നും സഹായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സെറീന പറഞ്ഞു. ഷെഫീഖ് മരിച്ചത് അസുഖം മൂലമാണെന്ന പൊലീസിന്റെ വാദം വിശ്വസിക്കുന്നില്ല. ഷെഫീഖിന്റെ തലയിലും മുഖത്തും ‍ മുറിവുകൾ ഉണ്ടായിരുന്നുവെന്നും ഇതു മർദനമേറ്റതിന്റെ തെളിവാണെന്നും ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ഷെഫീഖ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി വീട്ടുകാർക്കു വിവരം ലഭിച്ചത്.

Content Highlights: Custody death Kottayam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com