ADVERTISEMENT

തിരുവനന്തപുരം ∙ പതിനാലാം കേരള നിയമസഭയുടെ 22–ാം സമ്മേളനം 22–ാം തീയതി ആയ ഇന്നു പിരിയുന്നു. ഏകദേശം 230 ദിവസം നിയമസഭ ചേർന്നു; അഞ്ചു വർഷത്തെ കേരള രാഷ്ട്രീയം അവിടെ നിറഞ്ഞാടി. 

സൗഹൃദം പങ്കുവച്ചു ഭരണ–പ്രതിപക്ഷ അംഗങ്ങൾ ഇന്നു പിരിയും, തുടർന്ന് അവർ നീങ്ങുക നിയമസഭാ തിരഞ്ഞെടുപ്പിലെ ബലാബലത്തിലേക്ക്. 

നാടകീയവും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറുകയും പ്രതിഷേധത്തിരമാലകൾ ഉയരുകയും ചെയ്തതായിരുന്നു ഈ സഭാകാലം. മന്ത്രിസഭ നിശ്ചയിച്ച സഭാസമ്മേളനം തലേന്നു ഗവർണർ റദ്ദാക്കുന്നതു പോലെയുള്ള വഴിത്തിരിവുകൾ; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ തന്റെ വിയോജിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചതു പോലെയുള്ള അപ്രതീക്ഷിത നടപടികൾ. നിയമസഭയിൽ സമർപ്പിക്കേണ്ട സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വിട്ടതിന്റെ പേരിൽ ധനമന്ത്രി അവകാശ ലംഘന വെല്ലുവിളി നേരിട്ടതുപോലുള്ള വൈചിത്ര്യങ്ങൾ. 

കോവിഡ് അവസാന ഒരു വർഷം സഭ തടസ്സപ്പെടുത്തിയിട്ടും 22 സെഷനുകൾ ഇക്കാലയളവിൽ ഉണ്ടായി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തെക്കാൾ (16) കൂടുതൽ. എന്നാൽ 7 സമ്മേളനങ്ങൾ ഏകദിനമായിരുന്നു. സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്തു വയ്ക്കാൻ മാത്രം ഒരു ദിവസത്തേക്കു സഭ വിളിച്ചുചേർത്തു പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്നു എന്നതും ശ്രദ്ധേയം. 

സർക്കാരിനെതിരെ അവിശ്വാസവും സ്പീക്കറെ നീക്കാനുള്ള പ്രമേയവും അടക്കം പ്രതിഷേധത്തിന്റെ എല്ലാ രീതികളും അവലംബിച്ചു എന്നു പ്രതിപക്ഷത്തിനു ആശ്വസിക്കാം. 2005നു ശേഷമുള്ള ആദ്യത്തെ അവിശ്വാസ പ്രമേയമാണ് ഓഗസ്റ്റ് 24നു സഭയിൽ കൊടുങ്കാറ്റ് ഉയർത്തിയത്. ഇന്നലെ ശ്രീരാമകൃഷ്ണനെതിരെ ഉയർന്നത് കേരള നിയമസഭാ ചരിത്രത്തിൽ തന്നെ സ്പീക്കർക്കെതിരെ വന്ന മൂന്നാമത്തെ പ്രമേയവും. 

കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ആദ്യം യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്ക് ആയതും ശേഷം യുഡിഎഫിലേക്കു തിരിച്ചു വന്നതും പിന്നീട് രണ്ടായി പിളർന്നതും പ്രതിപക്ഷ നിരയിൽ കല്ലുകടിയായി. കൂറുമാറ്റവും അയോഗ്യതയും ആരോപിച്ച് ഇരുവിഭാഗങ്ങളും പരസ്പരം നൽകിയിരിക്കുന്ന പരാതിയിൽ തീരുമാനമാകാതെയാണ് സഭ പിരിയുന്നത്. വിവാദങ്ങളുടെ പേരിൽ മന്ത്രിമാരായ ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും രാജി വയ്ക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്തപ്പോൾ കെ.കൃഷ്ണൻകുട്ടിക്കു വഴിയൊരുക്കാൻ സ്ഥാനം ഒഴിയുകയായിരുന്നു മാത്യു ടി.തോമസ്. ആക്ഷേപങ്ങൾ തോമസ് ചാണ്ടിയുടെ മന്ത്രിക്കസേരയും തെറിപ്പിച്ചു. കെ.എം.മാണിയും പിന്നീട് ഉമ്മൻചാണ്ടിയും നിയമസഭാ സുവർണ ജൂബിലി നിറവിലെത്തിയതും ഇക്കാലയളവിലാണ്. 

നിയമസഭയുടെ രൂപവും ഭാവവും ഇതിനിടയിൽ മാറി; എംഎൽഎമാർക്കെല്ലാം മുന്നിൽ ലാപ് ടോപ്. സഭാ ടിവിയിലൂടെ ലൈവ് സ്ട്രീമിങ്. ഇ–നിയമസഭ എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വീകരിച്ച നടപടികൾ പക്ഷേ വിവാദങ്ങളിലേക്കു കടന്നുകയറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു പച്ചക്കൊടി നൽകിയത് സ്പീക്കർക്കറോടുള്ള പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു. സഭാ നാഥനായ മുഖ്യമന്ത്രിക്കും അധ്യക്ഷനായ സ്പീക്കർക്കും എതിരെ പ്രതിപക്ഷം ഒരുമിച്ചു പോർമുഖം തുറന്നതു പ്രത്യേകത. 

ബിജെപിക്കായി അക്കൗണ്ട് തുറന്ന ഒ.രാജഗോപാലിനു കൂട്ടാകാൻ ഇടയ്ക്കൊന്നു പി.സി.ജോർജെത്തി; പിന്നീട് എൻഡിഎയെ ശപിച്ച് ആ ചങ്ങാത്തത്തിൽ നിന്നു പിന്മാറി. 

അനാരോഗ്യത്തെ വകവയ്ക്കാതെ, ഒരു സഹായിയെ കൂട്ടുപിടിച്ച് സമീപകാലം വരെ സഭയിൽ വന്നിരുന്ന വി.എസ്.അച്യുതാനന്ദനെ കണ്ട് കുശലവും അനുഗ്രഹവും വാങ്ങാൻ കഴിയാതെ ഇന്ന് എല്ലാവർക്കും പിരിയേണ്ടി വരുന്നു. 

വിടവാങ്ങി, 7പേർ

ഏഴു നിയമസഭാംഗങ്ങളാണ് വിടവാങ്ങിയത്. കെ.എം.മാണി, പി.ബി.അബ്ദുൽ റസാഖ്, സി.എഫ്.തോമസ്, കെ.കെ.രാമചന്ദ്രൻനായർ, എൻ.വിജയൻപിള്ള, തോമസ് ചാണ്ടി, കെ.വി.വിജയദാസ്. ചവറ, കുട്ടനാട്, ചങ്ങനാശേരി, കോങ്ങാട് മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. 

80 നിയമങ്ങൾ

എൺപതോളം നിയമ നിർമാണങ്ങൾക്കു സഭ വേദിയായി. കർഷക ക്ഷേമനിധി ബിൽ, വ്യവസായ ഏക ജാലക ബിൽ, നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ, മലയാള ഭാഷാ ബിൽ, ക്രിസ്ത്യൻ സെമിത്തേരി ബിൽ തുടങ്ങിയവ ചർച്ചാ വിഷയങ്ങളായി. ചട്ടം 130 പ്രകാരമുള്ള നാല് പ്രമേയങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചു. പൗരത്വ നിയമത്തിനും കർഷക നിയമങ്ങൾക്കും എതിരെ കേരള നിയമസഭയുടെയും മുന്നണികളുടെയും കേന്ദ്രവിരുദ്ധ നീക്കങ്ങൾക്കും സഭ വേദിയായി. 

അടിയന്തര പ്രമേയ നോട്ടിസുകൾ 172

172 അടിയന്തരപ്രമേയ നോട്ടിസുകളിലൂടെ സർക്കാരിനെതിരെ പ്രതിപക്ഷം വീറോടെ പോരാടി. ഇതിൽ ആറ് അടിയന്തര പ്രമേയങ്ങൾ ചർച്ചയ്ക്കെടുത്തു എന്നതും പ്രത്യേകത. ഇതിൽ രണ്ടു വീതം അവതരിപ്പിച്ച് എം.കെ.മുനീറും വി.ഡി.സതീശനും പ്രതിപക്ഷത്തിന്റെ പ്രതിഷേധ മുഖങ്ങളായി. സണ്ണി ജോസഫും കെ.എസ്. ശബരീനാഥനും അവതരിപ്പിച്ച രണ്ട് അടിയന്തര പ്രമേയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമായി.

English Summary: Kerala assembly session to be over today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com