ADVERTISEMENT

കൊച്ചി ∙ കോവിഡ് പോസിറ്റീവ‌ായവരുടെയും കോവിഡ് സംശയിക്കുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്പ്രിൻക്ലറിനു കൈമാറിയതു സംബന്ധിച്ച് അന്വേഷണം നടത്തിയ എം.മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.

കോവിഡ് പോസിറ്റീവായവരുടെയും മറ്റും സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് സ്പ്രിൻക്ലറിന്റെ സെർവറിൽ അപ്‌ലോഡ് ചെയ്തതു നിയമവിരുദ്ധമാണെന്നു കാണിച്ചു നേരത്തെ നൽകിയ ഹർജിയിൽ ഉപ ഹർജിയായാണ് ചെന്നിത്തല ആവശ്യങ്ങൾ ഉന്നയിച്ചത്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ വൈകി നടപ്പാക്കിയതു ഉപഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ നടപടി മൂലം നഷ്ടമുണ്ടായ വിവരദാതാക്കൾക്കു കോടതി ഉചിതമായ നഷ്ടപരിഹാരം നിശ്ചിയിക്കണമെന്നും ഇതിന് എം.മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടും വിവര ദാതാക്കളുടെ വിശദാംശങ്ങളും ഹാജരാക്കാൻ നിർദേശിക്കണമെന്നുമാണു ചെന്നിത്തലയുടെ ആവശ്യം.

വ്യക്തികളിൽ നിന്നു ശേഖരിച്ചു സ്പ്രിൻക്ലർ കമ്പനിക്കു നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സർക്കാരിനും കമ്പനിക്കും ഹൈക്കോടതി 2020 ഏപ്രിൽ 24ന് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു. വിവരങ്ങൾ ആരെ സംബന്ധിച്ചുള്ളതാണെന്നു സർക്കാർ അജ്ഞാതമായി സൂക്ഷിക്കണമെന്നും മറ്റാർക്കും കൈമാറുന്നില്ലെന്ന‌് കമ്പനി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

വിവരദാതാക്കളുടെ രേഖാമൂലമുള്ള അനുമതി തേടാനുള്ള വ്യവസ്ഥ സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

വിവരങ്ങൾ ആരെ സംബന്ധിച്ചുള്ളതാണെന്ന് അജ്ഞാതമായി സൂക്ഷിക്കണമെന്നും മറ്റുമുള്ള ഉത്തരവിനു രണ്ടാഴ്ചയ്ക്കു ശേഷമാണു സർക്കാർ നടപടിയെടുത്തതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ സമയം അനുമതി വാങ്ങാതെയും അജ്ഞാതമായി സൂക്ഷിക്കാതെയും സ്പ്രിൻക്ലർ വിവരശേഖരണം നടത്തി.

കോടതി ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാൻ വൈകിയതു സംസ്ഥാനത്തെ പൗരൻമാർക്കു നഷ്ടമുണ്ടാക്കി. വിവര ദാതാക്കളുടെ രേഖാമൂലമുള്ള അനുമതി തേടണമെന്ന കോടതി നിർദേശത്തിൽ സർക്കാർ നടപടിയെടുത്തത് 18 ദിവസത്തിനു ശേഷമാണ്.

ഹർജിയിലെ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ എം.മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് വളരെ അത്യാവശ്യമാണെന്നും 2020 മാർച്ച് 24 മുതൽ സർക്കാർ നടപടിയെടുക്കുന്നതു വരെ രേഖാമൂലം അനുമതി നൽകാതെ, വിവരം നൽകേണ്ടി വന്ന വിവരദാതാക്കളുടെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിക്കണമെന്നും ഉപഹ‍ർജിയിൽ ആവശ്യപ്പെട്ടു. കോടതി നിശ്ചയിക്കുന്ന നഷ്ടപരിഹാരം സർക്കാർ, സ്പ്രിൻക്ലർ കമ്പനി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരിൽനിന്നു ഈടാക്കണമെന്ന് ഹർജിയിൽ ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com