ADVERTISEMENT

തൊടുപുഴ ∙ അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടിയെ വനം വകുപ്പ് വേട്ടയാടാൻ പഠിപ്പിക്കുന്നു. അപൂർവമായ ഈ കോച്ചിങ് ക്ലാസിനു പിന്നിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും കഠിനപരിശ്രമമുണ്ട്. 2020 നവംബർ 21നാണു പെരിയാർ ടൈഗർ റിസർവിലെ മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ പെൺകടുവക്കുട്ടിയെ വാച്ചർമാർ കണ്ടെടുത്തത്.

കൈകാലുകൾ തളർന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കിൽ മാത്രമേ കുട്ടികൾ ഈ രീതിയിൽ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ തിരഞ്ഞെങ്കിലും പെൺകടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താൻ പെരിയാർ സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിൽ ക്യാമറകൾ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല.

ശാരീരിക അവശതകൾ മൂലം കടുവക്കുട്ടിയെ കൂട്ടത്തിൽ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ഈ കടുവക്കുട്ടിക്കു മംഗളാദേവി വനത്തിലുള്ള കരടിക്കവലയിലാണു പരിശീലനം. ചെറിയ വ്യായാമവും ചിട്ടയായ ഭക്ഷണവും നൽകി പൂർണ ആരോഗ്യവതിയാക്കുകയാണ് ആദ്യപടി.

ഇതിനൊപ്പം തനിയെ വേട്ടയാടാനുള്ള പരിശീലനവും നൽകും. മനുഷ്യരുടെ മണം പരിചിതമാകാതിരിക്കാൻ പുറംലോകം കാണിക്കാതെയാണു കടുവക്കുട്ടിയെ സംരക്ഷിക്കുന്നത്. കാട്ടിൽ വിടുന്ന കടുവ മനുഷ്യഗന്ധം കിട്ടി നാട്ടി‍ൽ തിരികെ വരാതിരിക്കാനാണ് ഈ മുൻകരുതൽ. പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരായ ശ്യാം ചന്ദ്രനും ബി.ജി.സിബിക്കുമാണു കടുവക്കുട്ടിയുടെ പരിപാലനത്തിന്റെ ചുമതല.

English Summary: Forest Official's Training for Tiger Cub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com