കൊച്ചി മെട്രോ രണ്ടാം ഘട്ടം: തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര അനുമതിക്ക് സാധ്യത

Kochi Metro
SHARE

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസർക്കാരിന്റെ സമ്മാനം എന്ന നിലയിൽ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നൽകുമെന്നു സൂചന. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണു രണ്ടാം ഘട്ടം. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഏതാനും പദ്ധതികളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

വർഷങ്ങൾക്കു മുൻപു സമർപ്പിക്കപ്പെട്ടതാണ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസന പദ്ധതി. രാഷ്ട്രീയ തീരുമാനം ഇല്ലാത്തതിനാലാണു ഇത്രയും വൈകിയത്. പദ്ധതിക്കായി ഉദ്യോഗസ്ഥതലത്തിൽ സംസ്ഥാനം കാര്യമായ സമ്മർദം ചെലുത്തുന്നു. സീനിയർ ഉദ്യോഗസ്ഥരെത്തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പദ്ധതി അംഗീകരിക്കുന്നതുവഴി ബിജെപി സർക്കാരിന്റെ വികസന അജൻഡ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാമെന്നു ബിജെപിയും കരുതുന്നു.

പുതിയ മെട്രോ നയം അനുസരിച്ചു കൊച്ചിക്കു മെട്രോ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കില്ല. 10 ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങൾക്കു മാത്രം മെട്രോ അനുവദിച്ചാൽ മതിയെന്നാണു നയം. ഇതിന്റെ അടിസ്ഥാനത്തിൽ ബദൽ മാർഗങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടു കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി കേന്ദ്രം തിരിച്ചയച്ചതാണ്. നിലവിലുള്ള ഘട്ടത്തിന്റെ വിപുലീകരണമാണ് ഇതെന്നും പുതിയ പദ്ധതി അല്ലെന്നും കേരളം അറിയിച്ചു. 

മെട്രോ ലൈറ്റ് പോലുള്ള നവീന ട്രാം പദ്ധതിയാണു പുതിയ മെട്രോ ലൈനിനു പകരം കേന്ദ്രം നിർദേശിച്ചത്. എന്നാൽ പുതിയ പദ്ധതിയായി തുടങ്ങുമ്പോൾ മാത്രമേ മെട്രോ ലൈറ്റ് ചെലവു കുറഞ്ഞതാകുന്നുള്ളു. 

കൊച്ചിക്കു മെട്രോ തന്നെയാണു ലാഭകരമെന്നു കെഎംആർഎൽ എംഡി അൽകേഷ്കുമാർ ശർമ പറഞ്ഞു. നിലവിലുള്ള ട്രെയിനുകൾ രണ്ടാം ഘട്ടത്തിനും ഉപയോഗിക്കാം. സിഗ്നൽ, കമ്യൂണിക്കേഷൻ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇപ്പോഴുള്ളതിന്റെ തുടർച്ച മതിയാവും. പുതിയൊരു സംവിധാനമാണെങ്കിൽ എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. ഇതു ചെലവു കൂട്ടും– അദ്ദേഹം ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA