ADVERTISEMENT

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം എളിമ്പിലേരിയിലെ റെയിൻഫോറസ്റ്റ് റിസോർട്ടിൽ കണ്ണൂർ സ്വദേശിനി ഷഹാന (26) കൊല്ലപ്പെട്ടത്. റിസോർട്ടിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നു സ്ഥലം സന്ദർശിച്ച കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.

അനുമതിയുണ്ടോയെന്നതും സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചയും അന്വേഷിക്കാൻ വൈത്തിരി തഹസിൽദാരെ ചുമതലപ്പെടുത്തി. അതേ സമയം, അനുമതിയില്ലാതെയാണു റിസോർട്ട് പ്രവർത്തിച്ചതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.

നെഞ്ചിൽ ആനയുടെ ചവിട്ടേറ്റതിനെത്തുടർന്നുണ്ടായ പരുക്കാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്കുണ്ട്. തലയുടെ പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ ഉച്ചയോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭർത്താവ് ലിഷാമും മറ്റു ബന്ധുക്കളും മേപ്പാടിയിലെത്തിയിരുന്നു.

കോഴിക്കോട് പേരാമ്പ്ര ദാറുൽ നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അധ്യാപികയാണു ഷഹാന. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണു റെയിൻഫോറസ്റ്റ് റിസോർട്ടിൽ പ്രകൃതിക്യാംപിനെത്തിയത്. അസ്വാഭാവിക മരണത്തിനു മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിനായി അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്ക് ആവശ്യമായ നിർദേശം നൽകി.

നിലവിലുള്ള മാനദണ്ഡങ്ങൾക്കു പുറമേ ഈ മാർഗരേഖ കൂടി ഇത്തരം പ്രവൃത്തികൾക്കു നിർബന്ധമാക്കും. ‘റെയിൻ ഫോറസ്റ്റ്’ എന്ന സ്ഥാപനത്തിനു മേപ്പാടി പഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടായിരുന്നില്ല.

വനാതിർത്തിയോടു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നാണു മനസ്സിലാക്കുന്നത്. ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിനു സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com