ADVERTISEMENT

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം). എൽഡിഎഫ് പ്രവേശനത്തിനു മുന്നോടിയായി നടന്ന ചർച്ചയിൽ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നൽകുന്നതു പരിഗണിക്കാമെന്നു സിപിഎം അറിയിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ തിളക്കമാർന്ന വിജയത്തിന്റെ പിൻബലത്തിലാണ് 2 സീറ്റ് കൂടി ആവശ്യപ്പെടുന്നത്. അതേസമയം, 10 സീറ്റ് കേരള കോൺഗ്രസിനു നീക്കിവയ്ക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂ‍ഞ്ഞാർ, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, റാന്നി, ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ചാലക്കുടി അല്ലെങ്കിൽ ഇരിങ്ങാലക്കുട, തിരുവമ്പാടി അല്ലെങ്കിൽ കുറ്റ്യാടി എന്നിവയ്ക്കു പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ സീറ്റ് വീതം നൽകണമെന്നാണ് ആവശ്യം. 13 കിട്ടുമെന്ന പ്രതീക്ഷയിലാണു പാർട്ടിയിലെ സീറ്റ് ചർച്ചകൾ.

സാധ്യതാ പട്ടിക ഇതുവരെ

∙പാലാ – കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ജോസ് കടുത്തുരുത്തിയിലേക്കു മാറിയാൽ റോഷി അഗസ്റ്റിൻ.

∙കടുത്തുരുത്തി – ജോസ് കെ. മാണി പാലായിലെങ്കിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, സിറിയക് ചാഴികാടൻ.

∙പൂഞ്ഞാർ – മുൻ പിഎസ്‌സി അംഗം പ്രഫ. ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡ‍ന്റ് എം.കെ. തോമസ് കുട്ടി.

∙കാഞ്ഞിരപ്പള്ളി – ഡോ. എൻ. ജയരാജ്.

∙ചങ്ങനാശേരി – ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ.

∙റാന്നി – പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, സ്റ്റീഫൻ ജോർജ്. രാജുവിന് രാജ്യസഭാ സീറ്റ് നൽകാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിയിൽ എതിർപ്പുയർന്നതോടെ ആ നീക്കം മന്ദഗതിയിലായി.

∙ഇടുക്കി – റോഷി അഗസ്റ്റിൻ പാലായിലേക്കു മാറിയാൽ സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല.

∙പിറവം – നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം, സ്റ്റീഫൻ ജോർജ്.

∙കുറ്റ്യാടി – സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ.

∙തിരുവമ്പാടി – കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോസഫ്, ഉന്നതാധികാര സമിതി അംഗം പി. ടി. ജോസ്.

∙ ഇരിക്കൂർ– കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നയ്ക്കൻ, സജി കുറ്റ്യാനിമറ്റം.

ആരും പാലാ പറഞ്ഞില്ല!

തിരുവനന്തപുരം ∙ എൽഡിഎഫ് ജാഥയ്ക്കു മുൻപ് സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് ഇടതു മുന്നണി നേതൃയോഗത്തിൽ ചെറു കക്ഷികൾ. അതിന്റെ ആവശ്യമില്ലെന്നു സിപിഎമ്മും സിപിഐയും. പാലാ സീറ്റിന്റെ പേരിൽ പുറത്തുള്ള തർക്കം എൽഡിഎഫ് യോഗത്തിൽ നിഴലിച്ചില്ല.

ജാഥയുടെ കാര്യം തീരുമാനിച്ചപ്പോൾ സീറ്റുകളെക്കുറിച്ചു കൂടി ധാരണ ആക്കേണ്ടേ എന്ന് എൻസിപിയാണു ചോദിച്ചത്. ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരള കോൺഗ്രസും പിന്തുണച്ചു.

എന്നാൽ രണ്ടും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നായിരുന്നു സിപിഎം, സിപിഐ നേതാക്കളുടെ മറുപടി. ജാഥയുടെ ഭാഗമായിത്തന്നെ ചർച്ചകൾ നടത്താമെന്നും ജാഥ സീറ്റ് ചർച്ചയ്ക്കു തടസ്സം ആകില്ലെന്നും ഇരുപാർട്ടികളും പറഞ്ഞതോടെ ആ പ്രശ്നം ഉയർത്തിയവർ മൗനത്തിലായി. പാലാ സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പുറത്ത് വ്യക്തമാക്കുന്ന എൻസിപി അക്കാര്യം പക്ഷേ, യോഗത്തിൽ പറഞ്ഞില്ല.

യോഗത്തോടനുബന്ധിച്ച് സിപിഎം– സിപിഐ നേതൃത്വങ്ങൾ ആശയ വിനിമയം നടത്തി. കേരള കോൺഗ്രസുമായും സിപിഎം സംസാരിച്ചു. വിശദമായ ചർച്ച പിന്നീടു നടത്താൻ തീരുമാനിച്ചു.

2016ൽ ഇങ്ങനെ

∙ കേരള കോൺഗ്രസ് (എം) മത്സരിച്ചത് –15 സീറ്റ് (മാണി വിഭാഗം –11. ജോസഫ് വിഭാഗം –4)

∙ ജയം –6. (മാണി വിഭാഗം –4, ജോസഫ് വിഭാഗം– 2)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com