ADVERTISEMENT

കൊച്ചി∙ നയതന്ത്ര ചാനലിൽ വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി ഫെബ്രുവരി 9 വരെ റിമാൻഡ് ചെയ്തു. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ 1നു പരിഗണിക്കും. പ്രതിയായ മറ്റു 2 കേസുകളിൽ ശിവശങ്കറിനു ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻമേധാവി ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു 1.9 ലക്ഷം ഡോളർ കടത്തിയ കേസിലാണു സ്വപ്ന സുരേഷിന്റെ മൊഴിയെ തുടർന്നു ശിവശങ്കർ പ്രതിയായത്. ഡോളർ അടങ്ങിയ ബാഗുമായി ഒമാനിലേക്കു കടന്ന ഖാലിദിനെ സ്വപ്‌ന സുരേഷും പി.എസ്. സരിത്തും അനുഗമിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാനാണ് ഇരുവരും ഒപ്പം പോയതെന്നാണു മൊഴി.

ഡോളറുമായി ഒമാനിലേക്കു കടന്ന ഖാലിദ് പിന്നീടു ഈജിപ്തിലെ കയ്റോയിലേക്കു പോയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുമ്പോൾ ഡോളർ കടത്തു കേസിൽ അറസ്റ്റിലായ ശിവശങ്കറെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. ക്രിമിനൽ നടപടിക്രമം അനുസരിച്ച് ആദ്യ റിമാൻഡ് കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 9 നു മുൻപ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങണം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിലും കോടതികൾ അനുവദിച്ച ജാമ്യം നടപ്പിലാക്കുന്നതു തടയാനാണു ഡോളർ കേസിൽ പ്രതി ചേർത്തതെന്നാണു ശിവശങ്കറിന്റെ ആരോപണം. സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സ്വപ്നയും സരിത്തും തനിക്കെതിരെ നൽകിയ മൊഴികൾ നിയമപരമായി നിലനിൽക്കില്ലെന്നാണു ശിവശങ്കറിന്റെ വാദം.

ശിവശങ്കറിനെതിരെ കോഫെപോസ(കള്ളക്കടത്തു തടയൽ നിയമം) ചുമത്തുന്നതു സംബന്ധിച്ചു കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ഏതു ഘട്ടത്തിലാണെന്ന വിവരം കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.

കേസിൽ അറസ്റ്റിലായ ശിവശങ്കർ ഒഴികെയുള്ള മുഖ്യപ്രതികൾക്കെതിരെ കോഫെപോസ ചുമത്തി ഇവരെ ഒരു വർഷം കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. കള്ളക്കടത്തു കേസിൽ ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണം നീളുന്ന സാഹചര്യത്തിൽ ഡോളർ കടത്തിൽ റിമാ‍ൻഡിലായതോടെ കോഫെപോസ ചുമത്താനുള്ള സാവകാശം കസ്റ്റംസിനു ലഭിക്കും. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കോഫെപോസ ചുമത്തേണ്ടി വരുന്ന സാഹചര്യം വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.

സമ്മർദമില്ല: കസ്റ്റംസ് കമ്മിഷണർ 

കൊച്ചി∙ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന സംഘങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നു സമ്മർദം നേരിടുന്നില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. ‘കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ തന്നെ ഭാഗമാണ്. ഡോളർ കടത്തു കേസിൽ അന്വേഷണം തുടരുകയാണ്.

സ്വർണക്കടത്തു കേസിൽ പ്രതികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്ന നടപടിയാണ് ആദ്യം. അതിനു ശേഷം കുറ്റപത്രത്തിലേക്കു കടക്കും.’ അദ്ദേഹം പറ‍ഞ്ഞു. 

കസ്റ്റംസ് വിളിപ്പിച്ചില്ല: ശ്രീരാമകൃഷ്ണൻ

കൊച്ചി∙ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇതുസംബന്ധിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ചോദ്യം ചെയ്യുമെന്നതു മാധ്യമ വാർത്തകൾ മാത്രമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും.’ അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com