ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിര‍ഞ്ഞെടുപ്പു ജോലികൾ ചെയ്ത ഉദ്യോഗസ്ഥർക്ക് വേതനം വർധിപ്പിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. കോവിഡ് സാഹചര്യത്തിലെ ശ്രമകരമായ സേവനം പരിഗണിച്ചാണിത്. തദ്ദേശവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ അധിക പ്രതിഫലം ആവശ്യപ്പെട്ടിരുന്നു.

ഇതു പ്രകാരം കോർപറേഷനിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) 40,000 രൂപയും നഗരസഭകളിലെ ഇആർഒമാർക്ക് ചുമതലയുള്ള വാർഡുകളുടെ എണ്ണം അനുസരിച്ച് 30,000 മുതൽ 35,000 രൂപ വരെയും ഗ്രാമപ്പഞ്ചായത്തുകളിലെ ഇആർഒമാർക്ക് 25,000 രൂപയും ലഭിക്കും.

അസി. ഇആർഒമാർക്കു 15,000 രൂപ വീതം നൽകും. ഈ സ്ഥാപനങ്ങളിലെ സൂപ്രണ്ട്, ക്ലാർക്ക്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയവർക്കും 4000 രൂപയിൽ കുറയാത്ത വേതനം നിശ്ചയിച്ചിട്ടുണ്ട്. വോട്ടർ പട്ടിക 3 തവണ പുതുക്കിയ സാഹചര്യത്തിലാണു വേതനം കൂട്ടിയത്.

വരണാധികാരികൾക്കുള്ള ഓണറേറിയവും കൂട്ടി. ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ: 10,000 രൂപ. നഗരസഭ: 9500 രൂപ. ഗ്രാമപ്പഞ്ചായത്ത്: 9000 രൂപ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉപവരണാധികാരികൾക്ക് 7000 രൂപ. കോർപറേഷൻ: 8000 രൂപ. ജില്ലാ പഞ്ചായത്ത്: 9000 രൂപ.

സ്പെഷൽ പോളിങ് ഡ്യൂട്ടി ചെയ്തവർക്കുള്ള വേതനവും നിശ്ചയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കും ഡിപ്പാർട്മെന്റിലെ ഡ്രൈവർമാർക്കും പ്രതിദിനം 750 രൂപയും ഭക്ഷണ അലവൻസായി 250 രൂപയും, വാടകയ്ക്ക് എടുത്ത വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രതിദിനം ഭക്ഷണ അലവൻസ് മാത്രം 250 രൂപ, സെക്ടറൽ ഓഫിസർമാർക്ക് (3 ദിവസം) പ്രതിദിനം 600 രൂപയും 250 രൂപ ഭക്ഷണ അലവൻസും. റൂട്ട് ഓഫിസർമാർ (2 ദിവസം) പ്രതിദിനം 600 രൂപയും 250 രൂപ ഭക്ഷണ അലവൻസും. റിട്ടേണിങ് ഓഫിസർമാരുടെ ഡ്രൈവർമാർക്ക് ആകെ 1500 രൂപ.

ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് ആകെ നൽകാവുന്ന വേതനം: ഓഫിസർ 4000 രൂപ, അസിസ്റ്റന്റുമാർ (പരമാവധി 2 പേർ) 2500 രൂപ, ഡ്രൈവർ 2000 രൂപ, പൊലീസ് ഉദ്യോഗസ്ഥൻ പ്രതിദിനം 250 രൂപയും പരമാവധി 2000 രൂപയും. ഇ ട്രെൻഡ്, പോൾ മാനേജർ സംബന്ധമായി ജോലി ചെയ്ത സൂപ്പർവൈസർമാർക്ക് 1250 രൂപ, അസിസ്റ്റന്റുമാർക്ക് 1000 രൂപ, വിതരണകേന്ദ്രങ്ങളിൽ ഇ ഡ്രോപ് സോഫ്റ്റ്‌വെയർ മെയ്ന്റനൻസ് സംബന്ധമായി ജോലി ചെയ്ത ജീവനക്കാർക്ക് 1000 രൂപ. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള വേതനം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നു നൽകണം. ബാക്കിയുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫണ്ടിൽ നിന്നു തുക അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com