ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ‘പാണക്കാട് പരാമർശം’ ആയുധമാക്കാൻ കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വിജയരാഘവനെതിരെ തിരിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ ആദ്യ വിവാദത്തിനു വെടിക്കോപ്പായി വിജയരാഘവന്റെ വാക്കുകൾ.

കോൺഗ്രസ് നേതൃത്വം പാണക്കാട് പോയത് മത മൗലിക വാദ – മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാക്കാ‍ൻ ആണെന്ന വിജയരാഘവന്റെ പരാമർശമാണ് ചർച്ചയായത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ഉണ്ടാക്കിയ ജമാഅത്തെ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തെയാണ് അപലപിച്ചത് എന്നാണു വിജയരാഘവന്റെ വിശദീകരണം. എന്നാൽ, പാണക്കാട് കുടുംബത്തിന്റേതു മത മൗലിക വാദമാണ് എന്ന ആക്ഷേപം സിപിഎം നടത്തി എന്ന പ്രചാരണം ശക്തമായി ഉയർന്നു.

മുസ്‌ലിം ലീഗിന് എതിരെയുള്ള ആക്രമണം രൂക്ഷമാക്കുമ്പോഴുള്ള വിജയരാഘവന്റെ പ്രയോഗം സിപിഎമ്മിൽ തന്നെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർത്തി. പാണക്കാട് കുടുംബത്തെക്കുറിച്ച് അറിയാത്ത ആളാണോ വിജയരാഘവൻ എന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ ചോദിച്ചു. ഘടകകക്ഷിയായ മുസ്‌ലിം ലീഗുമായി കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ ചർച്ച നടത്തുന്നതിനെ സിപിഎം പരിഹസിക്കുന്നതും ചോദ്യങ്ങൾ ഉയർത്തി.

സിപിഎമ്മിന്റെ മറ്റു നേതാക്കളാരും വിജയരാഘവന്റെ പ്രസ്താവന ഏറ്റുപിടിക്കാനോ പ്രതികരിക്കാനോ മുതിർന്നില്ല. മലപ്പുറത്തു നിന്നുള്ള വിജയരാഘവന്റെ കടുത്ത ലീഗ് വിരുദ്ധ സമീപനം പാർട്ടി നേതൃത്വം അംഗീകരിക്കുന്നതാണ്. അതേസമയം, ലീഗ് വിരുദ്ധത ശക്തമാക്കി സിപിഎം ഉന്നമിടുന്ന ഭൂരിപക്ഷ ഏകീകരണ ലാക്ക് ഈ ഘട്ടത്തിൽ വഴിമാറിയോ എന്ന സന്ദേഹം നേതൃതലത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com