ADVERTISEMENT

തിരുവനന്തപുരം ∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മേധാവിയും സഹപ്രവർത്തകരും പാറശാലയിലെ വാടകവീട്ടിൽ പഴയ രോഗിയെ അദ്ഭുതത്തോടെയും അവിശ്വാസത്തോടെയും നോക്കി നിന്നു. 13 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോയെ വീണ്ടും കാണാനാണു ഡോക്ടർമാരെത്തിയത്.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി ലിജോ ശ്രീചിത്രയിൽ നിന്നു യാത്ര പറഞ്ഞ് മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങിയത് 2008 നവംബറിൽ. ഇത്രയും കാലം ഹോം വെന്റിലേറ്ററിൽ ജീവിച്ചവർ അപൂർവമെന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

മനോരമയുടെ വായനക്കാർ നൽകിയ സംഭാവന കൊണ്ടാണ് അന്നു 3 ലക്ഷം രൂപയുടെ ഹോം വെന്റിലേറ്റർ വാങ്ങിയതെന്നു ലിജോയെ ജീവിതത്തിലേക്കു തിരികെയെത്തിച്ച ശ്രീചിത്ര ന്യൂറോളജി വിഭാഗം മേധാവി ഡോ. സഞ്ജീവ് തോമസ് ഓർക്കുന്നു. 2007ലാണ് അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച് കഴുത്തിനു താഴെ തളർന്ന നിലയിൽ ലിജോ ശ്രീചിത്രയിൽ എത്തിയത്. ബിടെക്കിന് അഡ്മിഷൻ ശരിയായ സമയത്താണു രോഗം പിടികൂടിയത്. മികച്ച ടേബിൾ ടെന്നിസ് കളിക്കാരനായ ലിജോ സംസ്ഥാന സ്കൂൾ മീറ്റിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഇടയ്ക്കു നാട്ടുകാരുടെ സഹായത്തോടെ ഒരു തവണ വെന്റിലേറ്റർ മാറി. ഇപ്പോൾ അതും പഴയതായി. 15 മിനിറ്റ് വെന്റിലേറ്റർ പണിമുടക്കിയാൽ ലിജോയുടെ ജീവൻ അപകടത്തിൽ. വൈദ്യുതി പോകുമ്പോൾ ഇൻവെർട്ടർ വേണം. മാസം വൈദ്യുതി ബിൽ 6000 രൂപയ്ക്കുമേൽ.

അച്ഛനും അമ്മയും കരുതലോടെ ലിജോയെ നോക്കി. ആദ്യം ലിജോയുടെ അച്ഛൻ മരിച്ചു, പിന്നെ അമ്മ. ഇതിനിടെ ചികിത്സയ്ക്കും പരിചരണത്തിനുമായി വീടും 30 സെന്റ് സ്ഥലവും അന്യാധീനമായി. അച്ഛനുമമ്മയും പോയപ്പോൾ ലിജോയെ കൂടപ്പിറപ്പ് വിപിൻ ഏറ്റെടുത്തു. രോഗിയായ സഹോദരിയുൾപ്പെടെ ദുഃഖഭാണ്ഡങ്ങൾ ഏറെയുണ്ടെങ്കിലും അനുജൻ ജീവിച്ചു കാണാനുള്ള ആഗ്രഹം വിപിനിൽ തുടിക്കുന്നു.

ലിജോയെ കൈകളിൽ വാരിയെടുത്തും ഭക്ഷണം വാരിക്കൊടുത്തുമെല്ലാം നോക്കാൻ നിയോഗം ഈ ജ്യേഷ്ഠന്. ലിജോയ്ക്കു രാത്രിയിൽ വിളിക്കാനും സംസാരിക്കാനും വിപിൻ ഒരു മൈക്കും ‌വച്ചിരിക്കുന്നു. സ്വന്തമായി ഒരു വീടില്ലാതെ വാടകവീടു തോറും അലയുന്നതിന്റെ ദുരിതമേ ജ്യേഷ്ഠനുള്ളൂ.

(വിപിന്റെ പേരിൽ എസ്ബിഐ പാറശാല ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്.  നമ്പർ– 20179821037, ഐഎഫ്എസ് കോഡ് – SBIN0010694)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com