ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുമ്പോൾ വാഹനമോടിച്ചിരുന്ന സുഹൃത്ത് അർജുനെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസിൽ പ്രതിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങൾ നൽകിയതിനു കൊച്ചിൻ കലാഭവനിലെ മുൻ സൗണ്ട് റെക്കോർഡിസ്റ്റ് സോബി ജോർജിനെതിരെ കേസെടുക്കും.

വഞ്ചന, മനുഷ്യക്കടത്ത് അടക്കം 20ലേറെ കേസുകളിൽ പ്രതിയാണു സോബിയെന്നും ഒരു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രക്ഷപ്പെടുമ്പോഴാണ് ഇയാൾ അപകട സ്ഥലത്ത് എത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ദുരൂഹതകൾക്കു തെളിവില്ല. അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണു കണ്ടെത്തൽ. ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണു ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്. എന്നാൽ ബാലഭാസ്കറിനോ ട്രൂപ്പിനോ സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണു സിബിഐ കണ്ടെത്തൽ. ഇൻഷുറൻസുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിച്ച സംശയത്തിനും അപകടവുമായി ബന്ധമില്ല.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പവും മരണത്തിലെ ദുരൂഹതയ്ക്കു കാരണമായി. അർജുനാണു വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാൽ ബാലഭാസ്കറാണു വാഹനം ഓടിച്ചിരുന്നതെന്ന് അർജുൻ മൊഴി നൽകി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവസ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി മൊഴി നൽകിയത്. എന്നാൽ അർജുൻ തന്നെയാാണു ഓടിച്ചിരുന്നതെന്നു ഡിഎൻഎ പരിശോധനയിലൂടെയാണു സിബിഐ സ്ഥിരീകരിച്ചത്.

അപകട സമയത്തു ഇതുവഴി യാത്ര ചെയ്യുമ്പോൾ സ്വർണക്കടത്തു കേസുകളിലെ പ്രതികളെ സംഭവ സ്ഥലത്തു സംശയകരമായ രീതിയിൽ കണ്ടെന്നും ഇക്കാര്യങ്ങൾ പറഞ്ഞതിനാൽ തനിക്കു ഭീഷണി ഉണ്ടെന്നും സോബി ജോർജ് പറഞ്ഞതാണ് കേസ് കൂടുതൽ ദുരൂഹമാക്കിയത്. എന്നാൽ ഫൊറൻസിക് പരിശോധനയ്ക്കൊപ്പം സോബിയടക്കമുള്ളവരുടെ നുണ പരിശോധനയും നടത്തിയതോടെ ആശയക്കുഴപ്പങ്ങൾ ഒഴിവായി. സോബി പറഞ്ഞതു കളവാന്നൈന്ന് അന്വേഷണ സംഘം കണ്ടെത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

English Summary: Balabhaskar Death, CBI Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com