ഇന്ത്യൻ കമ്പനികൾക്ക് ബിഎസ്എൻഎൽ വക ‘ചാലഞ്ച്’: 4 ജി പണി അറിയാമോ...?

BSNL
SHARE

കോട്ടയം ∙ 4 ജി നൽകാൻ ഇന്ത്യൻ കമ്പനികൾക്കു ‘പണിയറിയാമോ’ എന്നു പരിശോധിക്കാൻ ബിഎസ്എൻഎൽ. തദ്ദേശ കമ്പനികളെ ഉപയോഗിച്ചു 4 ജി സേവനം ആരംഭിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണു നടപടി. നിലവിൽ ഇന്ത്യൻ കമ്പനികൾക്കു 4 ജി സേവനം നൽകുന്നതിനുള്ള സാങ്കേതികവിദ്യ കയ്യിലില്ല. ഇതിനാലാണു തങ്ങളുടെ സാങ്കേതികവിദ്യ പരീക്ഷിച്ച് ഉറപ്പാക്കാൻ (പ്രൂഫ് ഓഫ് കൺസപ്റ്റ്–പിഒസി)  ബിഎസ്എൻഎൽ അവസരം നൽകുന്നത്. 

പിഒസിയിൽ വിജയിക്കുന്ന കമ്പനികൾക്കു 4ജി ഉപകരണങ്ങൾക്കായി ബിഎസ്എൻഎൽ ക്ഷണിക്കുന്ന ടെൻഡറിൽ പങ്കെടുക്കാം. 4ജി സേവനം കഴിഞ്ഞ ഡിസംബറിൽ രാജ്യവ്യാപകമാക്കാനായിരുന്നു ബിഎസ്എൻഎൽ തീരുമാനം. പുതിയ നടപടിയിലൂടെ ബിഎസ്എൻഎല്ലിന്റെ 4ജി സ്വപ്നത്തിനു ചെറിയ വേഗം കൈവരും. 

ടെലികോം വമ്പന്മാരായ വാവെയ്, സെഡ്ടിഇ, നോക്കിയ, എറിക്സൻ, സാംസങ് കമ്പനികൾക്കാണു 4ജി സാങ്കേതിക വിദ്യ കൈവശമുള്ളത്. ആദ്യഘട്ടത്തിൽ ഇവരെ ഉൾപ്പെടുത്തി ബിഎസ്എൻഎൽ 4ജി ആരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതാണ്. ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാവെയ്, സെഡ്ടിഇ എന്നിവരെ ആദ്യം ഒഴിവാക്കി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി തദ്ദേശ കമ്പനികളെ ഉൾപ്പെടുത്താൻ നയപരമായ തീരുമാനം എടുത്തതോടെ മറ്റ് 3 കമ്പനികളെയും ഒഴിവാക്കി. തദ്ദേശീയമായി 4ജി സാങ്കേതികവിദ്യ നൽകാനായാൽ 5ജി വരുമ്പോഴും നേട്ടമാകുമെന്നാണു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. 

വിആർഎസിന്റെ ഒരു വർഷം 

പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി സ്വയം വിരമിക്കൽ (വിആർഎസ്) പദ്ധതി വഴി പകുതിയോളം ജീവനക്കാർ ബിഎസ്എൻഎല്ലിൽ നിന്നു പടിയിറങ്ങിയിട്ട് ഒരു വർഷം തികഞ്ഞു. കഴിഞ്ഞ വർഷം ജനുവരി 31നാണു രാജ്യം ഇന്നു വരെ കണ്ടിട്ടില്ലാത്ത വിരമിക്കൽ പ്രക്രിയ നടന്നത്. അന്ന് 1,53,203 പേരുണ്ടായിരുന്ന ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം 74,634 ആയി കുറഞ്ഞു. ഇപ്പോഴിത് 72,000 ആണ്. കേരളത്തിൽ 9381 ജീവനക്കാരാണ് ഉണ്ടായിരുന്നത്. വിആർഎസിനു ശേഷം 4785 ആയി കുറഞ്ഞു. ഇപ്പോൾ 3965 ആണു കേരളത്തിലെ ജീവനക്കാരുടെ എണ്ണം. 

4ജി അടക്കമുള്ള സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നായിരുന്നു പുനരുദ്ധാരണ പാക്കേജിലെ മറ്റു നിർദേശങ്ങൾ. എന്നാൽ  കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നു സഞ്ചാർ നിഗം എക്സിക്യൂട്ടീവ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി കെ.സെബാസ്റ്റ്യൻ പറഞ്ഞു. പ്രാഥമിക പരിഷ്കാരങ്ങൾ പോലും നടപ്പാക്കിയില്ലെന്നും സേവനങ്ങളുടെ നിലവാരം കുറയുന്നതു സാരമായി ബാധിക്കുന്നതായും കാണിച്ച് അസോസിയേഷൻ കേന്ദ്ര ടെലികോം മന്ത്രി, ടെലികോം സെക്രട്ടറി, ബിഎസ്എൻഎൽ സിഎംഡി എന്നിവർക്കു പരാതി നൽകി

Content Highlights: BSNL POC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA