ADVERTISEMENT

തിരുവനന്തപുരം∙ പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്കു കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ എച്ച്പി ഉൾപ്പെടെ 4 ബ്രാൻഡുകളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്സർ, കൊക്കോണിക്സ് എന്നീ 4 കമ്പനികളായിരിക്കും ലാപ്ടോപ്പുകൾ ലഭ്യമാക്കുക. നിലവിൽ 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അയൽക്കൂട്ടങ്ങൾ വഴി ഇനിയും പദ്ധതിയിലേക്ക് അപേക്ഷിക്കാം.

500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. 3 തവണ പണം അടച്ചവർക്കു പ്രത്യേക പോർട്ടൽ വഴി ഇഷ്ടമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാൻ അവസരം നൽകും.

ടെൻഡറിൽ സമർപ്പിച്ച സാംപിൾ ലാപ്ടോപ്പിലെ ചെറിയ സാങ്കേതിക വ്യത്യാസം മൂലം എച്ച്പിയുടെ അപേക്ഷ ആദ്യം പരിഗണിച്ചിരുന്നില്ല. തുടർന്ന് എച്ച്പി സർക്കാരിനു കത്തുനൽകി. ടെക്നിക്കൽ സമിതിയുടെ ശുപാർശയോടെ സാങ്കേതിക പരിശോധന നടത്തി എച്ച്പി കമ്പനിയെയും എംപാനൽ ചെയ്തു. തുടക്കത്തിൽ 15,000 രൂപയാണ് സർക്കാർ പരമാവധി വില നിശ്ചയിച്ചതെങ്കിൽ പിന്നീടിത് 18,000 ആക്കി. ഒരു ലാപ്ടോപ്പിനു കെഎസ്എഫ്ഇയിൽ നിന്നു 15,000 രൂപയേ വായ്പ ലഭിക്കൂ. ബാക്കി തുക ലാപ്ടോപ് വാങ്ങുന്നവർ ഒറ്റത്തവണയായി നൽകണം.

ഫീച്ചറുകൾ: റാം: 4 ജിബി ഡിഡിആർ4എസ്ഡി, സ്റ്റോറേജ്: 128 ജിബി എസ്എസ്ഡി, സ്ക്രീൻ റെസല്യൂഷൻ: 1366x768, യുഎസ്ബി 2.0 (1), 3 വർഷം വാറന്റി. ഒഎസ്: ലിനക്സ് 18.04.

മോഡലുകൾ ഇവ

∙ കൊക്കോണിക്സ് CNBIC-EAN1 (14,990 രൂപ)– ഇന്റൽ സെലറോൺ (ആർ) എൻ4020 പ്രോസസർ, ക്ലോക് സ്പീഡ്: 1.10 GHz, 11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ, ക്യാരി ബാഗ്/പൗച്ച് സഹിതം.

∙ ഏയ്സർ ട്രാവൽമേറ്റ് B311–31 (17,883 രൂപ)– ഇന്റൽ സെലറോൺ (ആർ) എൻ4020 പ്രോസസർ, ക്ലോക് സ്പീഡ്: 1.10 GHz, 11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

∙ എച്ച്പി 245 G8 (17,990 രൂപ)– എഎംഡി 302ഇ വിത്ത് Radeon graphics CPU, ക്ലോക് സ്പീഡ്: 1.2 GHz, 14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

∙ ലെനോവോ ഇ41–55 (18,000 രൂപ)– എഎംഡി അത്‍ലോൺ (Athlon) 3045ബി വിത്ത് Radeon graphics CPU, ക്ലോക് സ്പീഡ്: 2.3 GHz, 14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

Content Highlights: Kerala govt students Laptop 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com