ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് പരിസരം സമരഭരിതമായിരിക്കെ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിലേക്കാണു കേരളത്തിലെ മുഴുവൻ യുവജനതയുടെയും ശ്രദ്ധ. അതേസമയം സമരത്തിനു കൂടുതൽ പിന്തുണയേറുന്നതു സർക്കാരിനെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു.ഇന്നലെയും ശയനപ്രദക്ഷിണവും മുഖം മൂടിയണിഞ്ഞുള്ള പ്രകടനങ്ങളും െസക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നവർക്കു പിന്തുണയറിയിച്ചു നടന്നു.

സെക്രട്ടേറിയറ്റ് നടയ്ക്കു പുറത്ത് ശയനപ്രദക്ഷിണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധവും പൊലീസെത്തിയാണു നിയന്ത്രിച്ചത്. സിപിഒ ലിസ്റ്റിൽപ്പെട്ടവർ നടത്തിയ പിൻനടത്തവും സർക്കാർ തൂക്കിക്കൊന്നുവെന്നു ദൃശ്യവൽക്കരിച്ച പ്രതീകാത്മക ആത്മഹത്യാ ശ്രമവും ഇന്നലെ സമരമുഖത്ത് നടന്നു.

അധ്യാപക ലിസ്റ്റിൽപ്പെട്ടവരുടെ നിരാഹാരം, എൽ‍ജിഎസുകാരുടെ ശയനപ്രദക്ഷിണം എന്നിവയ്ക്കും സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചു. വികാരപരമായ മുദ്രാവാക്യങ്ങളുമായി നടത്തുന്ന യുവതീയുവാക്കളുടെ സമരം കാണാനെത്തുന്നവരുമേറെയാണ്. ഒടുവിൽ സമരത്തിന്റെ മുൻനിരപ്പോരാളിയായ ലയാ രാജേഷടക്കം പൊരിവെയിലത്ത് ബോധരഹിതരാകുന്നതും കാണാനിടയായി. അങ്ങനെ വികാരഭരിതമായ ഒട്ടേറെ രംഗങ്ങളാണിപ്പോൾ ദിവസങ്ങളായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ അരങ്ങേറുന്നത്.

കഴിഞ്ഞദിവസം പാതിരാത്രിയിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടന്ന ചർച്ചയിലും ഫലം കാണാതായതോടെ ഇനി അനിശ്ചിത കാല നിരാഹാരം എന്ന തീരുമാനത്തിലേക്ക് ഇന്നലെ യുവാക്കൾ എത്തിയിട്ടുമുണ്ട്. സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ മന്ത്രിസഭായോഗ സമയത്ത് ഉദ്യോഗാര്‍ഥികള്‍ യാചന സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പടിവാതിക്കലിൽ നിൽക്കേ സമരം എങ്ങനെയെങ്കിലും ഒത്തിതീർപ്പാക്കാൻ സർക്കാർ ശ്രമം ആരംഭിച്ചു. സർക്കാരിനെതിരെ സമ്മർദം ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ നീക്കം.

മുഖ്യമന്ത്രി ദുരഭിമാനം വെ‌‌ടിയണം: മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്നും െസക്രട്ടേറിയറ്റിനു മുന്നിൽ ആഴ്ചകളായി സമരം ചെയ്യുന്ന യുവാക്കളുമായി ചർച്ചയ്ക്കു തയാറാകണമെന്നും യാഥാർഥ്യബോധത്തോടെ പരിഹാരം കാണണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

യുവാക്കളുടെ സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com