ADVERTISEMENT

കൊച്ചി ∙ ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐക്കു കൈമാറാൻ ഹൈക്കോടതി നിർദേശം. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിക്കു കേസ് ഡയറിയും മറ്റും രേഖകളും നൽകാൻ ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന പത്തനംതിട്ട റാന്നി വെച്ചൂച്ചിറ സ്വദേശി ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22 മുതലാണു കാണാതായത്.

ഗൗരവതരവും സങ്കീർണവുമായ കാര്യങ്ങളും സംസ്ഥാനാന്തര ബന്ധവും വിഷയത്തിലുണ്ടെന്നു കരുതുന്നതായി സിബിഐക്കുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വിജയകുമാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കാമെന്നും എന്നാൽ സിബിഐക്ക് ആൾശേഷി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതികളുണ്ടെന്നും അറിയിച്ചു. ഉദ്യോഗസ്ഥരുടെ താമസം, വാഹനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ സഹായത്തിനായി സർക്കാരിനു നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും കെഎസ്‌യു നേതാവ് കെ.എം. അഭിജിത്തും നൽകിയ ഹർജികളാണു പരിഗണിച്ചത്. പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് ഇപ്പോൾ സിബിഐ ഏറ്റെടുക്കുന്നത്.

സിബിഐ അന്വേഷണം തന്നെ ഉചിതമെന്നു കോടതി

കൊച്ചി ∙ സാഹചര്യങ്ങളും വസ്തുതകളും പരിഗണിക്കുമ്പോൾ ജെസ്ന കേസ് അന്വേഷണം സിബിഐക്കു കൈമാറുന്നതാണ് ഉചിതമെന്നു ജസ്റ്റിസ് വി.ജി. അരുൺ വിലയിരുത്തി. ജെസ്നയെ കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണവും നേരിട്ട ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നത്. ജെസ്നയെ കണ്ടെത്താനായില്ല എന്ന് കാണിച്ച് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നത് നേരത്തെയായിപ്പോകുമെന്നായിരുന്നു ക്രൈം ബ്രാഞ്ച് നിലപാട്. അന്വേഷണത്തിന് ആറുമാസത്തെ സമയം വേണമെന്നാണു കഴിഞ്ഞ നവംബറിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. കോവിഡ് കാലമായതിനാൽ ഫലപ്രദമായ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു.

പ്രതീക്ഷയോടെ പിതാവ്

പത്തനംതിട്ട ∙ ജെസ്നയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ സിബിഐക്കു കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു വെച്ചൂച്ചിറ കൊല്ലമുളയിലെ കുന്നത്ത്‍വീട്. ജെസ്ന ജീവിച്ചിരിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്നു. കണ്ണീരിനും പ്രാർഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്നു ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. അന്വേഷണം സിബിഐക്ക് കൈമാറിയതിൽ സന്തോഷമുണ്ട്. മത തീവ്രവാദ സംഘടനകളുടെ പിടിയിലാണു ജെസ്ന എന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂചനകളില്ലാത്ത 3 വർഷം

അടുത്ത മാസം 22നു ജെസ്ന തിരോധാനത്തിന്റെ മൂന്നാം വാർഷികമാണ്. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്.  അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന തോംസൺ ബസിലാണ്.  മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി.  പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. 

Content Highlights: CBI investigation on Jesna missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com