സ്വർണക്കടത്ത് അന്വേഷണം: വഴിമുടക്കി അൽസാബി

gold bar
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിൽ വഴിമുടക്കി നിൽക്കുന്നത് യുഎഇ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബി. കേസന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ കഴിയാത്ത മൊഴികളാണ് അറസ്റ്റിലായ പ്രതികളും സാക്ഷികളും അന്വേഷണ സംഘങ്ങൾക്കു നൽകിയിട്ടുള്ളത്. സ്വർണക്കടത്തിനു പുറമേ ജമാലിന്റെ കേരളത്തിലെ മറ്റു ചില നീക്കങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുന്ന മൊഴികളാണു തിരുവനന്തപുരം കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) നൽകിയിട്ടുള്ളത്.

മൊറോക്കോ, ഈജിപ്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നും ജമാൽ ഹുസൈൻ അൽസാബിക്കു രഹസ്യ സന്ദർശകരുണ്ടായിരുന്നതായും മുൻ ഉദ്യോഗസ്ഥയുടെ മൊഴികളിലുണ്ട്. കവടിയാറിൽ രാജ്ഭവനു സമീപം മാസം 3 ലക്ഷം രൂപ വാടക നൽകുന്ന ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോൺസുലേറ്റിന്റെ പ്രത്യേക അക്കൗണ്ടിൽ നിന്നാണ് ഇവരുടെ താമസത്തിനുള്ള ബില്ലുകൾ അടച്ചിരുന്നത്. എന്നാൽ വിദേശ സന്ദർശകർ ഹോട്ടൽ മുറികളിൽ താമസിക്കാതെ കോൺസുൽ ജനറലിന്റെ ബംഗ്ലാവിലാണു തങ്ങിയിരുന്നത്. ഈ ദിവസങ്ങളിൽ ഇന്ത്യക്കാരായ ഗൺമാനെയും ഡ്രൈവറെയും ഒഴിവാക്കി കോൺസുലേറ്റിന്റെ വാഹനത്തിൽ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു പതിവ്. ഇദ്ദേഹത്തിന്റെ ഇത്തരം സഞ്ചാരങ്ങളിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടുന്നതാണു മുൻ ഉദ്യോഗസ്ഥയുടെ മൊഴികൾ.

കൊച്ചിയിലേക്കാണ് അദ്ദേഹം ഇത്തരത്തിൽ സ്വയം വാഹനമോടിച്ചു കൂടുതലായും വന്നിരുന്നതെന്നും എൻഐഎക്കു ലഭിച്ച മൊഴികളിലുണ്ട്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് പ്രതി ചേർത്ത ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രി കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയായിരുന്നെങ്കിലും ജമാൽ പറയാതെ അനങ്ങാത്ത ആശ്രിതൻ മാത്രമാണെന്നാണ് എൻഐഎക്കു ലഭിച്ചിട്ടുള്ള വിവരം. 

ലൈഫ് മിഷൻ ഇടപാടിൽ സ്വപ്ന സുരേഷിന്റെ നിർദേശപ്രകാരം യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഡോളർ നിറച്ചു കൈമാറിയ ബാഗുമായി ഖാലിദിന്റെ വാഹനം പോയതും ജമാലിന്റെ ബംഗ്ലാവിലേക്കാണ്.

എൻഐഎക്കു ചോദ്യം ചെയ്യാൻ കഴിയുമോ?

കേസന്വേഷണത്തിൽ യുഎഇ പൂർണതോതിൽ സഹകരിക്കുന്ന സാഹചര്യത്തിൽ ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ എൻഐഎക്കു കഴിയും. കേന്ദ്ര ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം വഴി കേസിന്റെ ഗൗരവവും ജമാലിന്റെ മൊഴിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ സ്ഥാനപതി മുഖേന യുഎഇ ഭരണകൂടത്തെ ധരിപ്പിക്കണം. ഡോളർ കടത്തു കേസിൽ പ്രതിയായ ഖാലിദിനു നയതന്ത്ര സംരക്ഷണമില്ലെന്നു യുഎഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെങ്കിലും കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അറ്റാഷെ റഷീദ് ഖമീസ് അൽ ഷിമിലി, കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി എന്നിവരുടെ കാര്യത്തിൽ യുഎഇയുടെ നിലപാട് ഇതുവരെ വ്യക്തമല്ല.

എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതായി അറിയുന്നു.

Content Highlights: Kerala gold smuggling case investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA