രേഷ്മ ഒഴിവാക്കാൻ ശ്രമിച്ചു; പ്രതികാരമായി കൊല: അനുവിന്റെ കുറ്റസമ്മതക്കുറിപ്പ്

reshma-murder
രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവർഹൗസിലെ കുറ്റിക്കാട്ടിൽ ഇന്നലെ വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
SHARE

രാജകുമാരി (ഇടുക്കി) ∙ പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു. 

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.

കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.  

രേഷ്മയ്ക്ക്  കോവിഡ് സ്ഥിരീകരിച്ചു

രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാൾക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 4 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.  സ്കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാർഥികളാണ് പ്ലസ് ടു വിഭാഗത്തിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA