ADVERTISEMENT

കൊച്ചി ∙ 5000 കോടിയുടെ മുതൽമുടക്കാൻ തയാറായി എത്തിയ തങ്ങളെ സർക്കാർ അപമാനിക്കുകയായിരുന്നുവെന്ന് ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് ഷിജു വർഗീസ് മേത്രട്ടയിൽ. വിവാദമുണ്ടായപ്പോൾ മന്ത്രിമാർ ‘ഒന്നുമറിഞ്ഞില്ല’ എന്ന നിലപാടെടുത്തതു കടുത്ത വേദനയുണ്ടാക്കി.

മന്ത്രിമാർ അറിയാതെ ഉദ്യോഗസ്ഥർ മാത്രം എല്ലാത്തിനും മുൻകൈ എടുത്തു എന്നത് ആരെങ്കിലും വിശ്വസിക്കുമോ?. സർക്കാർ നിലപാടു ഹിതകരമല്ലാത്തതിനാൽ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽനിന്നു കമ്പനി പിൻമാറിയേക്കുമെന്നും ന്യൂയോർക്കിൽനിന്ന് ഷിജു ‘മനോരമ’യോടു പറഞ്ഞു.

കെഎസ്ഐഡിസി അനുവദിച്ച സ്ഥലത്തെ മത്സ്യസംസ്കരണ പ്ലാന്റ് നിർമാണവുമായി മുന്നോട്ടു പോകുന്നുണ്ടോ?

ഇനി മത്സ്യ സംസ്കരണ പ്ലാന്റ് മാത്രമായി സ്ഥാപിക്കുന്നതിൽ അർഥമുണ്ടെന്നു തോന്നുന്നില്ല. ധാരണാപത്രങ്ങൾ റദ്ദാക്കുന്നതു സംബന്ധിച്ചു സർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനായി കാത്തിരിക്കുന്നു.

ആഴക്കടൽ മത്സ്യബന്ധനത്തിനു കേന്ദ്ര സർക്കാർ അനുമതി വേണമെന്നറിയാതെ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങിയത് എന്തുകൊണ്ട് ?

2019ലെ സമുദ്രനയത്തിൽ ആഴക്കടൽ മത്സ്യബന്ധനം പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത്. സർക്കാർ നയം ഇതിനു വിരുദ്ധമാണെങ്കിൽ അതു പറയേണ്ടിയിരുന്നത് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.

മന്ത്രിമാരെ കണ്ടതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ?

മുഖ്യമന്ത്രിയെ ഒരു തവണ ക്ലിഫ് ഹൗസിലും രണ്ടാമതു സെക്രട്ടേറിയറ്റിലുമാണു കണ്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയും കമ്പനി സിഇഒ ഡുവെൻ ഇ. ഗിരെൻസറും ഒപ്പമുണ്ടായിരുന്നു. ചർച്ചയ്ക്കു ശേഷം വിശദമായ പദ്ധതി രേഖ (ഡിപിആർ) സമർപ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.വിശദമായ റിപ്പോർട്ടും സംസ്കരണ പ്ലാന്റിന്റെ ഡിസൈനുമുൾപ്പെടെ മന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ചിരുന്നു.

മത്സ്യബന്ധന മേഖലയിൽ മുൻപരിചയവുമില്ലാതെ പദ്ധതി നടപ്പാക്കുന്നതെങ്ങനെ ?

കമ്പനിക്കു മുൻപരിചയമില്ലെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളികളും മത്സ്യ സംസ്കരണ മേഖലയിലെ തൊഴിലാളികളും കുടുംബശ്രീ പോലെയുള്ള സംഘങ്ങളുടെ അംഗങ്ങളുമാണ് ചെയ്യുന്നത്. പദ്ധതി യാഥാർഥ്യമാക്കാൻ നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യയും കമ്പനി നൽകും.

English Summary: EMCC president Shiju Varghese against J Mercykutty Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com