ADVERTISEMENT

മുട്ടിൽ (വയനാട്) ∙ രാജ്യതലസ്ഥാനത്തെ കർഷകപോരാട്ടത്തിന് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നയിച്ചു രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാണ്ടാട് മുതൽ മുട്ടിൽ വരെ നടന്ന റാലിയിൽ രാഹുലിനൊപ്പം ട്രാക്ടറുകളിൽ നൂറുകണക്കിനു കർഷകർ അണിചേർന്നു. 

Rahul-Gandhi-5-JPG
‘സ്നേഹമാ’സ്ക്: വയനാട് പര്യടനത്തിനിടെ കേണിച്ചിറയിൽനിന്നു മേപ്പാടിയിലേക്കുള്ള യാത്രാമധ്യേയാണു താഴമുണ്ടയിൽ വഴിയരികിൽ പൂച്ചെണ്ടുമായി കാത്തുനിന്ന 93 വയസ്സുകാരിയായ പറമ്പിൽ അന്നമ്മ മത്തായിയെ രാഹുൽ ഗാന്ധി കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തിയ രാഹുൽ അന്നമ്മയുടെ അടുത്തെത്തി. രാഹുലിനെ കണ്ട സന്തോഷത്തിൽ അന്നമ്മ അറിയാതെ മാസ്ക് ഊരി. പ്രിയപ്പെട്ട ആളുകൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ എനിക്കു സങ്കടമാകും എന്നു രാഹുൽ. ഇനിയൊരിക്കലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങില്ലെന്നു പറഞ്ഞ അന്നമ്മയെ രാഹുൽ ഗാന്ധി തന്നെ മാസ്ക് ധരിപ്പിച്ചു. എപ്പോഴും രാജീവ് ഗാന്ധിയെക്കുറിച്ച് ഓർക്കാറുണ്ടെന്ന് അന്നമ്മ രാഹുലിനോട് പറഞ്ഞു. വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പിന്നീടൊരിക്കലാകാമെന്നു പറഞ്ഞ് അന്നമ്മ നൽകിയ പൂച്ചെണ്ടും വാങ്ങി രാഹുൽ യാത്ര തുടർന്നു. ചിത്രം: പിടിഐ

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽ നിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്കു കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവും. ജനങ്ങൾ നന്നായി സമ്മർദം ചെലുത്തിയാൽ മാത്രമേ കേന്ദ്രം ഈ നിയമങ്ങൾ പിൻവലിക്കൂ. റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിലാണു കർഷകനിയമങ്ങൾക്കെതിരെ രാഹുൽ രൂക്ഷവിമർശനമുയർത്തിയത്. 

കൃഷിക്കാരും ചെറുകിട വ്യാപാരികളും തെരുവുകച്ചവടക്കാരുമെല്ലാമടങ്ങുന്ന വലിയ ശൃംഖല തകർത്തെറിയാനുള്ള ശ്രമമാണു നടക്കുന്നത്. കർഷകരിൽനിന്നു ചെറിയവിലയ്ക്കു സാധനങ്ങൾ വാങ്ങി വൻവിലയ്ക്ക് അവർക്കു തന്നെ മറിച്ചുവിൽക്കാനാകുന്ന തരത്തിലുള്ള സംവിധാനം സ്ഥാപിക്കാനാണു നീക്കം. 

Rahul-Gandhi-Tractor-Rally
കർഷകനാട്ടിൽ: ഡൽഹിയിലെ കർഷകസമരത്തിന് ഐ ക്യദാർഢ്യവുമായി വയനാട് മുട്ടിലിൽ ട്രാക്ടർ റാലി നയിക്കുന്ന രാഹുൽ ഗാന്ധി എംപി. കെ.സി.വേണുഗോപാൽ എംപി, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി.അപ്പച്ചൻ എന്നിവർ സമീപം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

വിലയെക്കുറിച്ചു തർക്കമുണ്ടായാൽ കർഷകർക്കു കോടതിയെ സമീപിക്കാൻ പോലുമാകില്ല. കർഷകവിരുദ്ധമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതുവരെ പോരാടാൻ കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. 

ബഫർ സോൺ; സംസ്ഥാനം ഇടപെടണം

മുട്ടിൽ (വയനാട്) ∙ കേരളത്തിലെ ബഫർ സോൺ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി. ബഫർ സോൺ നിയന്ത്രണങ്ങൾ നടപ്പിലായാൽ കർഷകർ ഏറെ ബുദ്ധിമുട്ടിലാവും. ബഫർ സോൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്  കത്തെഴുതിയിട്ടുണ്ട്. ലോക്സഭയിൽ ബഫർ സോൺ സംബന്ധിച്ചു ചോദ്യമുയർത്തിയപ്പോൾ, സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണു കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പറഞ്ഞത്.  ഇതു പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം∙ രാഹുൽ ഗാന്ധി ഇന്നു തലസ്ഥാനത്ത്. വൈകിട്ട് 3 മണിക്കു കോഴിക്കോട്ടു നിന്നു പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഹുൽഗാന്ധി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിലും യുഡിഎഫ് ഏകോപന സമിതി യോഗത്തിലും പങ്കെടുത്ത ശേഷം വൈകിട്ട് 5.30നു ശംഖുമുഖത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

English Summary: Rahul Gandhi attacks Centre over farm laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com