ADVERTISEMENT

കൊല്ലം ∙ ഇഎംസിസി സർക്കാരിന് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു നിയമപ്രകാരം കമ്പനി രൂപീകരിക്കുന്നതിനു മുൻപ് ! കമ്പനി രൂപീകരിച്ച് 3 മാസത്തിനുള്ളിൽ 5000 കോടി രൂപയുടെ പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ സർക്കാർ ഒപ്പുവച്ചു. ന്യൂയോർക്ക് ആസ്ഥാനമായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം 5324.49 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി സമർപ്പിക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. 

എന്നാൽ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം തന്നെ നിലവിൽ വന്നത് 2019 നവംബർ 26നാണ്. നിയമപരമായി നിലവിൽ വരാത്ത കമ്പനിക്ക് സർക്കാരിനു മുന്നിൽ പദ്ധതി നിർദേശവുമായി എത്താൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. പദ്ധതി നടപ്പാക്കുന്നതു ഗ്ലോബൽ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പദ്ധതിരേഖയിലുണ്ട്.

മാതൃ കമ്പനി നിലവിൽ വരുന്നതിനു മാസങ്ങൾക്കു മുൻപ്, 2019 ജനുവരി 11ന് ഉപകമ്പനിയായി അങ്കമാലി ആസ്ഥാനമായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് നിലവിൽ വന്നു. ഈ കമ്പനിയുമായാണു 2020 ഫെബ്രുവരി 28നു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം രൂപീകരിക്കുന്നതിനും വർഷങ്ങൾ മുൻപ്, 2015 ജൂൺ 19 ന്, ഇതേ പേരിൽ അമേരിക്കയിൽ തന്നെ ഫിലദൽഫിയ ആസ്ഥാനമായി കമ്പനി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്പനിയുടെ ഉപകമ്പനി ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത് മത്സ്യബന്ധന പദ്ധതി സമർപ്പിക്കാതിരുന്നതു സംശയങ്ങൾക്ക് ഇടയാക്കുന്നു. അമേരിക്കയിലെ സംസ്ഥാനങ്ങളിൽ നികുതി നിരക്കുകൾ വ്യത്യസ്തമായതിനാലാണ് 2 സംസ്ഥാനങ്ങളിലായി ഒരേ പേരിൽ കമ്പനികൾ റജിസ്റ്റർ ചെയ്തതെന്നാണ് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസിന്റെ വിശദീകരണം.

എന്റെ പേര് പിൻവലിക്കണം: ഡോ. എം.വി. പിള്ള

ഇഎംസിസി എന്ന കമ്പനിയെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്ന് അമേരിക്കയിലെ പ്രശസ്ത മലയാളി ഡോക്ടർ ഡോ. എം.വി പിള്ള. കമ്പനി സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ തന്റെ പേര് ഉൾപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പേരു നിരുപാധികം പിൻവലിച്ചു മാപ്പുപറയണമെന്നു കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക കാലത്തു സ്തുത്യർഹ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികൾക്കായി ഹെൽത്ത് കെയർ പദ്ധതി നടപ്പാക്കുന്നുവെന്നു പറഞ്ഞു 

ചിലർ തിരുവനന്തപുരത്തെ വീട്ടിൽ വന്നു കണ്ടിരുന്നു. നല്ല കാര്യമാണെന്നു പറഞ്ഞ് മടക്കിയതല്ലാതെ മത്സ്യ പദ്ധതിയുമായി തനിക്കൊരു ബന്ധവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Deep Sea Trawling Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com