ഹൈക്കോടതിയിലേക്ക് 4 ജഡ്ജിമാർ കൂടി

High-court-new-judges
ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ
SHARE

ന്യൂഡൽഹി / കൊച്ചി ∙ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി.

ഡോ. കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും കെ. ബാബു തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമാണ്. മുരളി പുരുഷോത്തമനും സിയാദ് റഹ്മാനും ഹൈക്കോടതി അഭിഭാഷകരാണ്.

ഹൈക്കോടതി: പുതിയ ജഡ്ജിമാർ ഇവർ

ന്യൂഡൽഹി / കൊച്ചി ∙ കേരള ഹൈക്കോടതിയിലേക്കു നാലു ജഡ്ജിമാർക്കും ഡൽഹി ഹൈക്കോടതിയിലേക്കു രണ്ടു ജഡ്ജിമാർക്കും സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശകളാണു കേന്ദ്ര സർക്കാർ അംഗീകരിച്ചത്. മൊത്തം 16 ശുപാർശകളാണു സർക്കാരിന്റെ പരിഗണനയിൽ വന്നത്. കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാർ ഇവർ: 

∙ ഡോ. കൗസർ എടപ്പഗത്ത്: കണ്ണൂർ സ്വദേശി. എടപ്പഗത്ത് പി.കെ.മെഹമൂദിന്റെയും റൗല എടപ്പഗത്തിന്റെയും മകൻ. 1991ൽ പ്രാക്ടീസ് തുടങ്ങി. കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തശേഷം 2009ൽ നേരിട്ടു ജില്ലാ ജഡ്ജിയായി. നിലവിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി.

∙ കെ. ബാബു: കൊട്ടാരക്കര തേവന്നൂർ സ്വദേശി. പരേതരായ കെ.കരുണാകരന്റെയും കെ.ഭവാനിയുടെയും മകൻ. 1994ൽ എൻറോൾ ചെയ്തു. 15 വർഷത്തെ പ്രാക്ടീസിനു ശേഷം അഡീഷനൽ ജില്ലാ ജഡ്ജി, സിബിഐ കോടതി സ്പെഷൽ ജഡ്ജി, ഹൈക്കോടതി സബോർഡിനേറ്റ് ജുഡീഷ്യറി റജിസ്ട്രാർ, സുപ്രീം കോടതി റജിസ്ട്രാർ (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി), ശബരിമല സ്പെഷൽ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്.

∙ മുരളി പുരുഷോത്തമൻ: ആലുവ സ്വദേശി. പരേതനായ പി.എൻ. പുരുഷോത്തമന്റെയും സരസ്വതിയുടെയും മകൻ. 1991ൽ പ്രാക്ടീസ് തുടങ്ങി. നിലവിൽ ഹൈക്കോടതി അഭിഭാഷകൻ. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഡീലിമിറ്റേഷൻ കമ്മിഷൻ എന്നിവയുടെ സ്റ്റാൻഡിങ് കൗൺസലാണ്.

∙ എ.എ. സിയാദ് റഹ്മാൻ: എറണാകുളം തൃക്കാക്കര സ്വദേശി. പരേതനായ അഡ്വ. എ. എ. അബ്ദുൽ റഹ്മാന്റെയും ലത്തീഫയുടെയും മകൻ. നിലവിൽ ഹൈക്കോടതി അഭിഭാഷകൻ. ഇലക്ട്രിസിറ്റി, ഇൻഷുറൻസ്, ബാങ്കിങ് നിയമങ്ങളിൽ വിദഗ്ധനാണ്.

English Summary: Four more judges to kerala highcourt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA