പിണറായിയിലെ 16 ഏക്കറിന് 40.5 കോടി; ബ്രൂവറി വിവാദക്കാരുടെ ഭൂമി വൻവിലയ്ക്ക് ഏറ്റെടുക്കുന്നു

HIGHLIGHTS
  • പദ്ധതിയിട്ടതു 100 കോടി രൂപ ഭൂമിവിലയായി നൽകാൻ, 4 മാസം കൊണ്ടു പകുതിയിലേറെ കുറച്ചു
image
പിണറായി ജൈവ വൈവിധ്യ പാർക്കിന് ഭൂമി ഏറ്റെടുക്കാൻ 100 കോടി ആവശ്യമില്ലെന്നും പുനർനിർണയിച്ച വില പ്രകാരം 50 കോടി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള തഹസീൽദാരുടെ കത്ത്.
SHARE

കോഴിക്കോട്∙ ബ്രൂവറി അഴിമതി ഇടപാടിലൂടെ വിവാദത്തിലായ കണ്ണൂർ സ്വദേശികളുടെ പിണറായിയിലെ 16 ഏക്കറോളം ഭൂമി സർക്കാർ വൻവില നൽകി ഏറ്റെടുക്കുന്നു. പിണറായി ബയോ ഡൈവേഴ്സിറ്റി പാർക്ക്, സിവിൽ സർവീസ് റസിഡൻഷ്യൽ കോംപ്ലക്സ്, ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ഹബ് നിർമിക്കാനെന്ന പേരിലാണു 40,51,09,366 രൂപ നൽകി ഭൂമി ഏറ്റെടുക്കുന്നത്. ഭൂവില ഉൾപ്പെടെ കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടി മുടക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള കിൻഫ്രയാണു നോഡൽ ഏജൻസി.

കണ്ണൂരിൽ കുറഞ്ഞ വിലയ്ക്കു ധാരാളം ഭൂമിയും സർക്കാർ പുറമ്പോക്കും ലഭ്യമാണെന്നിരിക്കെ വിപണി വിലയെക്കാൾ ഉയർന്ന നിരക്കിലാണ് ഏറ്റെടുക്കൽ എന്ന് ആരോപണമുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നു 100 കോടിയോളം നൽകി ഭൂമി വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് വില പകുതിയിലേറെ കുറയ്ക്കുകയായിരുന്നു. സമീപകാലത്തെ 10 ആധാരങ്ങൾ പരിശോധിച്ച് ഏറ്റവും മികച്ച വില നൽകുന്നു എന്നാണു റവന്യു അധികൃതരുടെ നിലപാട്.

മൂന്നു വർഷത്തിലേറെയായി ചർച്ചയിലുള്ള പദ്ധതിക്കു വേണ്ടിയാണ് ഏറ്റെടുപ്പ്. പദ്ധതിക്കായി ഭൂമി വേണമെന്ന കിൻഫ്രയുടെ ആവശ്യം പരിഗണിച്ചാണു തലശ്ശേരി ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ നടപടികൾ. അഞ്ചരക്കണ്ടി– തലശ്ശേരി റോഡിലാണു ഭൂമി. 4/2020 ആയി നഷ്ടപരിഹാര തുക അനുവദിച്ചു. ഈ തുക സർക്കാരിൽനിന്നു വിട്ടുകിട്ടുന്ന മുറയ്ക്കു കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുപ്പു പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

2018ൽ ഇടതു സർക്കാരിനെ പിടിച്ചുകുലുക്കിയ ബ്രൂവറി അഴിമതി വിവാദത്തിലെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന കുടുംബത്തിന്റേതാണ് ഈ ഭൂമി. 

ചട്ടവിരുദ്ധമായി 3 ബീയർ ഉൽപാദന കേന്ദ്രങ്ങൾക്കാണ് അന്ന് സർക്കാർ അനുമതി നൽകിയത്. ഇടപാടുകൾ പുറത്തായതിനു പിന്നാലെ ഈ അനുമതി പാടേ റദ്ദാക്കി.

ഭൂമിവില നിശ്ചയിച്ച കലക്ടർ കിൻഫ്രയിൽ നിന്നു നൂറു കോടി രൂപയാണു ഭൂമിക്കു വേണ്ടി 2020 ഫെബ്രുവരി 29ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വില അധികമാണെന്ന വിമർശനം ഉണ്ടായതോടെ ജില്ലാതലത്തിൽ തന്നെ പുനർനിർണയിക്കാൻ സർക്കാർ നിർദേശം നൽകി. 

2020 ജൂൺ 11നു വിലനിർണയ റിപ്പോർട്ട് പുതുക്കുകയും ഭൂവിലയായി 40.51 കോടിയും മറ്റു ചെലവുകളും ഉൾപ്പെടെ 50 കോടി രൂപ ലഭ്യമാക്കണമെന്നു കിൻഫ്രയ്ക്കു കലക്ടർ കത്തു നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ഫണ്ട് അനുവദിക്കുന്നത്.

പദ്ധതിയെക്കുറിച്ചു കൃത്യമായ മാർഗരേഖ പോലും തയാറാക്കാതെയാണു ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ആരോപണമുണ്ട്. കണ്ണൂർ ജില്ലയിൽ കിൻഫ്രയ്ക്കു വേണ്ടി 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കുമെന്നാണു സർക്കാർ പ്രഖ്യാപനം. ഇതിൽ പലതിലും ഇടനിലക്കാരായി ഉന്നതരുടെ കൈകൾ ഉണ്ടെന്നും സൂചനയുണ്ട്.

English Summary: Government of kerala buying 16 acre controversial land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA