ADVERTISEMENT

‘‘ഞാൻ സെക്കൻഡ് എംഎ ക്ലാസിൽ പഠിപ്പിക്കാൻ പോകില്ല’’– മഹാരാജാസ് കോളജിൽ അധ്യാപകനായി ചേർന്നപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി പ്രിൻസിപ്പൽ മാരാർ സാറിനോടു പറഞ്ഞു.

‘ആ രാമകൃഷ്ണനുണ്ട് ക്ലാസിൽ... ഞാൻ പോവില്ല’’ അതായിരുന്നു ശാഠ്യം

ഞാനന്ന് മഹാരാജാസിൽ എംഎ ഇംഗ്ലിഷ് രണ്ടാംവർഷം പഠിക്കുകയാണ്. ഞങ്ങൾ മുൻപ് കോഴിക്കോട് മിഠായിത്തെരുവിലൂടെ തോളിൽ കൈ ഇട്ടു കുറെ നടന്നിട്ടുള്ളതാണ്. ആ എന്നെ ക്ലാസിലിരുത്തി പഠിപ്പിക്കാൻ വിഷ്ണുവിനു വൈമനസ്യം. അതാണ് കാരണം.

എന്നെ മാരാർ സാർ വിളിപ്പിച്ചു, ‘എടോ വിഷ്ണു ഇങ്ങനൊരു നിലപാടിലാണ് എന്താ ചെയ്യുക’ എന്നു ചോദിച്ചു.

ക്ലാസിൽ ഗുരുതുല്യമായ ബഹുമാനം നൽകി അച്ചടക്കമുള്ള വിദ്യാർഥിയായി ഇരുന്നോളാമെന്നു ഞാൻ വാക്കു നൽകി. എന്നിട്ടും വിഷ്ണു വഴങ്ങിയില്ല. ഞാൻ പോരുംവരെ എന്റെ ക്ലാസിന്റെ പടികയറിയില്ല.

പക്ഷേ, ക്യാംപസിൽ ഞങ്ങൾ മിഠായിത്തെരുവിലെ വിഷ്ണുവും രാമകൃഷ്ണനുമായി. അന്നു ഞാൻ അനുജൻമാർക്കൊപ്പം വീടു വാടകയ്ക്കെടുത്ത് പച്ചാളത്താണു താമസം. പാർട്‍ടൈമായി കുറെ ജോലികൾ ചെയ്താണു ചെലവിനുള്ള വക കണ്ടെത്തുന്നത്. വിഷ്ണുവിന്റെ താമസം സൗത്തിൽ വളഞ്ഞമ്പലത്തും. ഞങ്ങൾ രണ്ടാൾക്കും യാത്രയ്ക്ക് സൈക്കിൾ വേണം.

എന്റെ പ്രലോഭനത്തിനു വഴങ്ങി വിഷ്ണു പകുതി പണം ഇറക്കി. 100 രൂപ രണ്ടാളും ചേർന്നു കൊടുത്ത് സൈക്കിൾ വാങ്ങി. രാവിലെ ഞാൻ പച്ചാളത്തിൽനിന്നു സൈക്കിൾ ചവിട്ടി മഹാരാജാസിലെത്തും. പകൽസമയം, വിഷ്ണുവാണു സൈക്കിൾ മുതലാളി. ആൾ ഉച്ചയ്ക്ക് സൈക്കിൾ ചവിട്ടി വളഞ്ഞമ്പലത്തുപോയി ഊണു കഴിച്ചു വരും. വൈകിട്ട് ഞാൻ സൈക്കിളുമായി സിഐസിസി ബുക്സ്റ്റാളിലെ ജോലിക്കും രാത്രി പച്ചാളത്തേക്കും പോകും.

മഹാരാജാസിൽ വയലാർ രവിയും എ.കെ. ആന്റണിയുമൊക്കെയുള്ള കാലമാണ്. രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രനായി ഞാൻ ഭാഷാ സാഹിത്യ മണ്ഡൽ സെക്രട്ടറിയായി മത്സരിച്ചു ജയിച്ചു. അന്നു വിഷ്ണു വലിയ കൂട്ടും പിന്തുണയുമാണ്.

കോഴ്സ് കഴിഞ്ഞയുടൻ എനിക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ജോലി കിട്ടി. പോകുമ്പോൾ സൈക്കിൾ വിഷ്ണുവിനു കൊടുത്തിട്ടു പോയി.

മിഠായിത്തെരുവുകാലത്ത് നേരെ തിരിച്ചായിരുന്നു. ഞാൻ ജോലിക്കാരൻ, വിഷ്ണു വിദ്യാർഥി. ഡിഐജി ഓഫിസിൽ ക്ലാർക്കാണു ഞാൻ. വിഷ്ണു ദേവഗിരി കോളജിൽ വിദ്യാർഥി; ഷെപ്പേഡ് സാറിന്റെ ശിഷ്യൻ.

കൂട്ടും സാഹിത്യവും കൈവിടാതെ ഞങ്ങൾ ഒന്നിച്ചു ചവിട്ടിയിരുന്ന ജീവിതത്തിന്റെ സൈക്കിളിൽനിന്ന് ഇതാ വിഷ്്ണു ഇറങ്ങിപ്പോയിരിക്കുന്നു; ഇനി ഞാൻ ഒറ്റയ്ക്കു ചവിട്ടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com