ADVERTISEMENT

പാരമ്പര്യത്തെയും ആധുനികതയെയും നിരുപമമായ സർഗശുദ്ധികൊണ്ട് വിളക്കിച്ചേർത്തു വിഷ്ണുനാരായണൻ നമ്പൂതിരി

അഞ്ചു കുഞ്ഞുങ്ങളെയും ഒരമ്മയ്ക്കു നഷ്ടമായി. മരിച്ചശേഷം ജനിച്ചവരോ; ജനിച്ചയുടൻ മരിച്ചവരോ ആയി അഞ്ചുപേരും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന് ആ അമ്മ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ നടക്കല്ലിൽ ശിരസ്സുമുട്ടിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുക മാത്രമല്ല ചെയ്തത്. ശ്രീവല്ലഭനു മുമ്പിൽ ഒരു താക്കീതു വയ്ക്കുക കൂടി ചെയ്തു. ഈ ഉണ്ണിയെയെങ്കിലും തന്നില്ലെങ്കിൽ അവിടുത്തെ കാരാൺമ മുട്ടും എന്നതായിരുന്നു താക്കീത്. മൂത്ത മകന്റെ മൂത്ത പുത്രൻ വേണം കാരാൺമ കണ്ണിമുറിയാതെ തുടർന്നുകൊണ്ടുപോകാൻ. 

അങ്ങനെ ഒരാൾ ഉണ്ടായില്ലെങ്കിലോ? കാരാൺമ മുട്ടുകയേ തരമുള്ളു. കാരാൺമ മുട്ടാതിരിക്കണമെങ്കിൽ വേണ്ടതു ശ്രീവല്ലഭൻ ചെയ്തുകൊള്ളണമെന്ന സ്ഥിതിയായി. ഏതായാലും ആ കുഞ്ഞു ജീവിച്ചു; അതിജീവിച്ചു; കവിയായി; ഇംഗ്ലിഷ് പ്രഫസറായി. ഒടുവിൽ കാരാൺമ പ്രകാരം തിരുവല്ല മഹാക്ഷേത്രത്തിലെ മേൽശാന്തിയുമായി. കവിതയുടെ ആ മേൽശാന്തിയാണ് ഇപ്പോൾ ജീവിതത്തിൽനിന്നു കടന്നുപോകുന്ന കവി വിഷ്ണുനാരായണൻ നമ്പൂതിരി.

യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായ പ്രഫസർ റിട്ടയർ ചെയ്തയുടൻ സംസ്കൃത സർവകലാശാലയിലെ സമുന്നതമായ സ്ഥാനം പോലും വേണ്ടെന്നുവച്ച് മേൽശാന്തിയാവാൻ പോയതെന്തുകൊണ്ട് എന്നു പലരും അമ്പരന്നിട്ടുണ്ട്. അമ്മ ശ്രീവല്ലഭനു നൽകിയ വാക്കുപാലിക്കാനായിരുന്നു ആ ദൗത്യമേറ്റത്. താരതമ്യേന ക്ലേശം കുറഞ്ഞ ഒരു ജോലി ചെയ്യാമെന്നു കരുതിയാവും ആ വഴിക്കു തിരിഞ്ഞത് എന്നു ചിന്തിച്ചവരുണ്ട്. തിരുവല്ല ശ്രീവല്ലഭവ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ജോലി ക്ലേശം ചെറുതൊന്നുമല്ല. അതിലെ അധ്വാനഭാരത്തെക്കുറിച്ച് വിഷ്ണുമാഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്.

‘അധ്വാനം പതിനൊന്നു നാഴിക വരും;

ശ്രീപഞ്ചരാത്രം യജു–

ശ്ശുദ്ധം കേവലം, ഋഗ്വിധാനപരമാം

ന്യാസങ്ങളോടൊത്തു ഞാൻ

ചിത്തേ ചേർത്ത് എഴുപത്തിമൂന്നു 

ദിശയിൽ

തൂവും ശിവേലിക്രമം

തെറ്റിക്കാതെ നടത്തി മൂന്നു വരിശിഷം;

ശ്രീവല്ലഭോ രക്ഷതു!’

ബ്രാഹ്മമുഹൂർത്തത്തിലെഴുന്നേൽക്കണം... 11 മണിക്കൂർ ഏകാഗ്രമായി പണിചെയ്യണം. പഞ്ചരാത്ര പൂജയ്ക്കു നെഞ്ചോളം പൊക്കമുള്ള വിശാലമായ മണ്ഡപത്തിൽ ഒത്തിരിത്തവണ കയറിയിറങ്ങണം. 73 ദിക്കിൽ തൂവിക്കൊണ്ട് 3 ശീവേലികൾക്കും ക്രമം തെറ്റാതെ അകത്തും പുറത്തും പരിക്രമങ്ങൾ നടത്തണം. ഇങ്ങനെ പോകുന്നു ക്ലേശം. കവിതയെക്കാൾ വലിയ ക്ലേശം!

ഈ ക്ലേശമൊക്കെ ഏറ്റെടുത്തത് അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കണമെന്ന സത്യബോധത്താലാണ്. ആ സത്യബോധത്തിന്റെ വെളിച്ചമാണ് വിഷ്ണുമാഷിന്റെ കവിതയിലും നിറഞ്ഞുനിൽക്കുന്നത്. കാലങ്ങളായി നിലനിന്നുപോരുന്ന ഒരു വലിയ ശൃംഖല താൻ കാരണം കണ്ണിപൊട്ടിക്കൂട എന്ന ചിന്തയുടെ ധർമബോധവുമുണ്ട് അതിൽ. ശ്രീവല്ലഭ ക്ഷേത്രത്തിലൊരു ഗരുഡ മാടത്തറയുണ്ട്. ആ ഒറ്റക്കൽ ധ്വജത്തിന്റെ ചുവട്ടിൽ ‘ചേരമാൻ പടി കടന്നു’ എന്ന കലിദിന സംഖ്യയുടെ പരൽപ്പേര് ഇന്നും കാണാം. ഇതിനെ ക്രിസ്ത്വബ്ദത്തിലേക്കു മാറ്റിയാൽ ബിസി 15 എന്നു കിട്ടും. ഇതു കണക്കുകൂട്ടി വിഷ്ണുമാഷ് പറയുമായിരുന്നു. രണ്ടായിരത്തിൽപരം വർഷത്തെ പാരമ്പര്യം ആ കാരാൺമമുറയ്ക്കുണ്ടായിരുന്നുവെന്ന്. ഇതും അദ്ദേഹം കവിതയിൽ കുറിച്ചുവെച്ചിട്ടുണ്ട്:

‘ഒന്നും ശ്രീ പൃഥിവീശ;

ഞാനറിവതി–

ല്ലെന്നാലുമീരായിരം

കൊല്ലം പാഞ്ഞുകഴിഞ്ഞു 

ഞങ്ങളിവിടെ

കാരാൺമ സേവിക്കയാം’

ഈ കാവ്യശകലത്തിൽ 5 ഇല്ലങ്ങളെക്കുറിച്ചു പറയുന്നുണ്ട്. കർണാടകത്തിൽനിന്നു വന്ന കുടുംബങ്ങളാണവ. അതിലൊന്നാണ് വിഷ്ണുമാഷിന്റെത്. ആ കുടുംബം കർണാടകത്തിലേക്കു വന്നത് കാശ്മീരിൽ നിന്നാണെന്നതു ചരിത്രം!

ഈ പശ്ചാത്തലം കൊണ്ടുകൂടിയാവണം, പാരമ്പര്യത്തെയും ആധുനികതയെയും നിരുപമമായ സർഗശുദ്ധികൊണ്ട് വിളക്കിച്ചേർക്കുന്ന കവിയായി വിഷ്ണുമാഷ് മാറിയത്. ആ വഴിക്കു തന്നെയാവണം ഋഷിത്വസന്നിഭമായ ഒരു ഭാവശുദ്ധി അദ്ദേഹത്തിന്റെ കവിതകളുടെ ആത്മാംശമായതും.

‘ജീവിതത്തിൽ വെറുതെയാകുന്നില്ല

ഭാവശുദ്ധിയും ഭംഗിയും വെൺമയും

പൂവിനുള്ള സുഗന്ധവും അന്യനായ്

താനൊരുക്കും ചെറിയ സംതൃപ്തിയും’ എന്നു ജീവിതത്തെ നിർവചിച്ച കവിയാണല്ലൊ ഇത്. ശുദ്ധിയും വെൺമയും അപരനെക്കുറിച്ചുള്ള കരുതലും എന്നും ആ ജീവിതത്തെ നയിച്ചു.

ഒരു ട്രെയിൻ യാത്രയ്ക്കിടയിലെ വീഴ്ചയാണ് വിഷ്ണുമാഷെ തളർത്തിയത്. പിന്നീട് പല രോഗങ്ങൾ; സ്മൃതിനാശം!

‘ഓർമ്മയിലുണ്ടു നീ; 

ഓർമ്മയിലാണു നീ

ഓർമ്മതാനല്ലി നീയും 

ഞാനുമോർക്കുകിൽ’

അങ്ങനെ ഒരു ഘട്ടത്തിൽ ഓർമകളാകെ മാഞ്ഞുപോയ വെള്ളത്താളായി ആ മനസ്സ്. ഏതാണ് ധർമം, ഏതാണ് അധർമം, ഇതൊക്കെ നിർവചിക്കാൻ നമ്മളാരാണ്? ഈ ചിന്ത വലിയ ഒരു ദാർശനികവ്യഥയായി അദ്ദേഹത്തിന്റെ കവിതകളിൽ. കാളിദാസന്റെ സവിശേഷമായ ഒരു കാൽപനികതയുണ്ട്. ഭാവാത്മക കാൽപനികത. അതിന്റെ നേർപിന്മുറക്കാരനായ വിഷ്ണുമാഷിന് കാളിദാസനും ഡബ്ല്യു. ബി. യേറ്റ്സും വൈലോപ്പിള്ളിയും കഴിഞ്ഞേ ഏതു കവിയും ഉണ്ടായിരുന്നുള്ളു. ആ പ്രിയത്തിൽ പ്രതിഫലിച്ചുനിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ കാവ്യവ്യക്തിത്വം.

സദാചാരസങ്കൽപത്തെ മുതൽ മാർക്സിയൻ സങ്കൽപത്തെ വരെ അദ്ദേഹം കവിതകൊണ്ടു നിർവചിച്ചു. ആദ്യത്തേതിനുദാഹരണം ‘മിത്രാവതി’, രണ്ടാമത്തേതിന്റെ ദൃഷ്ടാന്തം ‘ശോണമിത്രൻ’. ‘സദാചാരം’ മുൻനിർത്തി മിത്രാവതിയെ വിചാരണ ചെയ്യുന്നവരോടു കവി പറയുന്ന വാക്കുകൾ എന്നും സമൂഹ മനഃസാക്ഷിയിൽ മുഴങ്ങിനിൽക്കും. 

‘ദുഷ്കരം മനീഷികൾക്കും 

കണ്ടെത്താൻ 

ധർമ്മത്തിന് ഗഹനം ഗതി!’ 

‘ശോണമിത്രനിൽ മാർക്സിന്റെ സർപ്ലസ് വാല്യു, സർപ്ലസ് ലേബർ എന്നീ സങ്കൽപങ്ങളെ നിർവചിച്ചുകൊണ്ട് വിഷ്ണുമാഷ് എഴുതി: 

‘ശിഷ്ടമൂല്യം ഭുജിക്കുന്നോൽ 

ശിഷ്ടയത്നം ഭൂജിക്കയാം; 

ശിഷ്ടയത്നത്തിനായ് വൈശ്യൻ 

പീഡിപ്പിക്കുന്നു ലോകരെ’. 

അറുപതുകളുടെ തുടക്കത്തിൽ നിരവധി ഗീതങ്ങളുമായാണ് ഈ കവി കടന്നുവരുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ എന്നിങ്ങനെ... പിന്നീട് ‘ഉജ്ജയിനിയിലെ രാപ്പകലുക’ളിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിലേക്കു വരെയെത്തി. കാളിദാസവിരചിതമായ ഋതുസംഹാരവും ഭാസവിരചിതമായ കർണഭാരവും മലയാളത്തിലാക്കി. കാളിദാസനും യേറ്റ്സും വൈലോപ്പിള്ളിയും ആ മനസ്സിൽ അനുഗ്രഹം ചൊരിഞ്ഞുനിന്നു. മാർക്സും ജയപ്രകാശ് നാരായണനും ദാർശനിക ഗരിമ പടർത്തിനിന്നു. ഹിമാലയവും സഹ്യാദ്രിയും തണൽപരത്തി നിന്നു. വിഷ്ണുമാഷ് നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവെയ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. 

നീണ്ട യാത്ര ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. ഓരോ വർഷവും പത്നീസമേതം ഹിമാലയം കയറാൻ പോകുമായിരുന്നു അദ്ദേഹം. ഉത്തരകാശിയും ഗംഗോത്രിയും ഗൗമുഖും കൈലാസവും മാനസരോവരും ബദരീനാഥും ഒക്കെ ആ യാത്രയിലെ വഴിയമ്പലങ്ങൾ. റോമും ഗ്രീസും ഫ്രാൻസും ഇംഗ്ലണ്ടും അമേരിക്കയും കാനഡയും അയർലൻഡും ഒക്കെ മറ്റു ചില വഴിയമ്പലങ്ങൾ. തിരുവനന്തപുരത്തെയും വഴിയമ്പലമാക്കി ആ യാത്ര പിന്നെയും തുടരുന്നു. ഒടുവിലിതാ ഈ ലോകത്തുനിന്ന് മറ്റൊരു ലോകത്തേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com