വിഷ്ണു നാരായണൻ നമ്പൂതിരി വിടവാങ്ങി; മായില്ല, കാവ്യപൂജ

Mail This Article
തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട്ടെ വസതിയായ ശ്രീവല്ലിയിൽ ആയിരുന്നു. മറവിരോഗമുൾപ്പെടെ ബാധിച്ച് 4 വർഷമായി വിശ്രമ ജീവിതത്തിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 8 മുതൽ 12 വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്കു രണ്ടിന് ശാന്തികവാടത്തിൽ.
2014 ൽ രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. എഴുത്തച്ഛൻ പുരസ്കാരം, കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, അപരാജിത, ആരണ്യകം, ഇന്ത്യ എന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, പ്രണയഗീതങ്ങൾ, ചാരുലത, പരിക്രമം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. കാളിദാസന്റെ ‘ഋതുസംഹാരം’ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.
തിരുവല്ല മേപ്രാൽ ശ്രീവല്ലി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതിയുടെയും മകനായി 1939 ജൂൺ 2 നാണ് ജനനം. സർക്കാർ കോളജുകളിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. വിരമിച്ച ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായി.
സൈലന്റ് വാലി ഉൾപ്പെടെ ശ്രദ്ധേയമായ എല്ലാ പരിസ്ഥിതി പോരാട്ടങ്ങളിലും സജീവമായിരുന്നു. 8 തവണ ഹിമാലയത്തിലേക്കും തീർഥാടനം നടത്തി.
സാവിത്രിയാണ് ഭാര്യ. മക്കൾ: ഡോ.എൻ. അദിതി (റിട്ട.പ്രഫസർ, എംജി കോളജ്, തിരുവനന്തപുരം), അപർണ (കേന്ദ്രീയ വിദ്യാലയം, തൃശൂർ.) മരുമക്കൾ: രാധാകൃഷ്ണൻ നമ്പൂതിരി (റിട്ട.ചീഫ് മാനേജർ, എസ്ബിടി), അന്തരിച്ച കവി എൻ.എൻ. കക്കാടിന്റെ മകൻ ശ്രീകുമാർ (പ്രൊഡ്യൂസർ, ദൂരദർശൻ കേന്ദ്രം, തൃശൂർ.)
English Summary: Vishnu Narayanan Namboothiri passes away