ADVERTISEMENT

തിരുവനന്തപുരം∙ അമേരിക്കൻ കമ്പനി ഇഎംസിസി ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഫയൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2 തവണ പരിശോധിച്ചതായി സർക്കാർ രേഖകൾ. മന്ത്രിയുടെ പരിശോധനകൾക്കു ശേഷമാണു ഫയലിൽ തുടർ നടപടികളെടുത്തത്. 

പദ്ധതി ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പൂർണ ഉത്തരവാദിത്തമെന്നുമുള്ള മന്ത്രിയുടെ അവകാശവാദങ്ങൾ ശരിയല്ലെന്നും തെളിയിക്കുന്നതാണ് ഈ രേഖകൾ.

emcc-mercykutty-amma
ഇഎംസിസി ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചതായി സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നു. .

സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ ലഭ്യമായ രേഖകൾ പ്രകാരം, 2019 ഓഗസ്റ്റ് 9 നാണ് ഇഎംസിസിയുടെ അപേക്ഷയിൽ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങിയത്. ഒക്ടോബർ 19 നു ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. 21നു മന്ത്രി ഇതു സെക്രട്ടറിക്കു തിരിച്ചു നൽകി. അതിനു മുൻപ് ഒക്ടോബർ 3 നാണ് ഇഎംസിസി കമ്പനിയുടെ അമേരിക്കയിലെ വിശദാംശങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചത്.

നവംബർ ഒന്നിനു ജ്യോതിലാൽ ഫയൽ വീണ്ടും മന്ത്രിക്കു കൈമാറി. 18നു മന്ത്രി ഫയൽ തിരികെ നൽകി. 2 തവണയും ഫയലിൽ മന്ത്രി കുറിച്ച വിവരങ്ങൾ ഇ–ഫയൽ വെബ്സൈറ്റിൽ ലഭ്യമല്ല. ഇതിനു ശേഷമാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിനു പദ്ധതി കൈമാറുന്നതും അതിനു പിന്നാലെ കെഎസ്ഐഡിസി ആദ്യ ധാരണാപത്രം ഒപ്പിടുന്നതും.കഴിഞ്ഞ ഡിസംബർ 2 വരെ ഫിഷറീസ് വകുപ്പിൽ ഫയൽ നീക്കം നടന്നിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നാലെ ഫയൽ തീർപ്പാക്കി.

English Summary: EMCC, evidence against J Mercykutty Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com