സന്തോഷ് ഈപ്പനെതിരായ കേസ്: പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി സിബിഐ

Santhosh Eapen
സന്തോഷ് ഈപ്പൻ
SHARE

കൊച്ചി∙ ലൈഫ് മിഷൻ വടക്കാ‍ഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സന്തോഷ് ഈപ്പൻ നടത്തിയ കമ്മിഷൻ, കോഴ ഇടപാടുകളുടെ പ്രാഥമിക വിവരശേഖരണം സിബിഐ പൂർത്തിയാക്കി. ചട്ടം ലംഘിച്ചു വിദേശ സംഭാവന (എഫ്സിആർഎ) വാങ്ങിയ കുറ്റത്തിനുള്ള കേസാണ് സിബിഐ സന്തോഷ് ഈപ്പനെതിരെ റജിസ്റ്റർ ചെയ്തത്. എന്നാൽ കേസന്വേഷണത്തെ ചോദ്യം ചെയ്തു സംസ്ഥാന സർക്കാർ നിയമനടപടികൾ തുടരുന്ന സാഹചര്യത്തിൽ കേസിൽ ആഴത്തിലുള്ള അന്വേഷണം നടത്താൻ സിബിഐക്ക് ഇതുവരെ കഴിഞ്ഞട്ടില്ല. ഇതേ കേസിൽ അന്വേഷണം നടത്തുന്ന വിജിലൻസിന്റെ കണ്ടെത്തലുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്നായർ, പി.എസ്.സരിത്ത് എന്നിവർക്കുമായി യൂണിടാക് കമ്പനി 4.40 കോടി രൂപ കമ്മിഷൻ നൽകിയെന്ന വിവരം സന്തോഷ് ഈപ്പൻ സിബിഐയോടു തുറന്നു സമ്മതിച്ചിട്ടുണ്ട്. 

ഇതിനു പുറമേ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്കു കോഴ നൽകിയോ എന്ന ചോദ്യത്തിനു സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിലെ വിവരങ്ങൾ സിബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുഎഇ റെഡ്ക്രസന്റ് ജീവകാരുണ്യ സംഘടന സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിക്കു നൽകിയ 18 കോടി രൂപയുടെ 26% ആണു സന്തോഷ് ഈപ്പൻ കമ്മിഷൻ നൽകിയത്. ഭവന രഹിതർക്കു വേണ്ടി 140 ഫ്ലാറ്റുകൾ നിർമിക്കാൻ യൂണിടാക് യഥാർഥത്തിൽ എത്രതുക വിനിയോഗിച്ചെന്നു വ്യക്തമാകാൻ സന്തോഷ് ഈപ്പൻ നൽകിയ കോഴയുടെ കണക്കും പുറത്തുവരേണ്ടതുണ്ട്.

അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല: സിബിഐ

ന്യൂഡൽഹി ∙ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിദേശസംഭാവനാ നിയന്ത്രണ നിയമം മറികടക്കാൻ യൂണിടാക്കിനെ ലൈഫ്മിഷൻ ഉപയോഗിച്ചെന്ന് സിബിഐ സുപ്രീം കോടതിയിൽ.  കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

ഫ്ലാറ്റ് നിർമാണത്തിനു യുഎഇ നൽകിയ ഒരു കോടി ദിർഹം നേരിട്ടു ലൈഫ് മിഷന്റെ അക്കൗണ്ടിലെത്തുന്നത് ഒഴിവാക്കാനാണ് യൂണിടാക്കിനെയും റെഡ് ക്രസന്റിനെയും ലൈഫ് മിഷൻ ഉപയോഗപ്പെടുത്തിയത്. കരാർ ലഭിക്കുന്നതിനു കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA