ഭക്ഷ്യസബ്സിഡിയിൽ കുറവു വരുത്താനുള്ള ശുപാർശ: കേരളത്തിനു തിരിച്ചടി

കുറുപ്പന്തറ 145–ാം നമ്പർ റേഷൻ കടയിൽ വിതരണത്തിന് കൊണ്ടുവന്ന 22 ചാക്ക് അരി കുത്തനും പുഴുവും കയറി നശിച്ച നിലയിൽ ആയതിനാൽ കടയിൽ ഇറക്കാതെ ലോറിയിൽ ഇരിക്കുന്നു.
SHARE

തിരുവനന്തപുരം ∙ ഭക്ഷ്യസബ്സിഡിയിൽ കുറവു വരുത്താനുള്ള കേന്ദ്ര നിതി ആയോഗിന്റെ ശുപാർശ നടപ്പായാൽ കേരളത്തിനു കൂടുതൽ തിരിച്ചടിയാകും. റേഷൻ ഗുണഭോക്താക്കളുടെ എണ്ണം 50 ശതമാനത്തോളം വരെ കുറയ്ക്കുന്ന തരത്തിലുള്ള മാർഗരേഖയാണു നിതി ആയോഗ് തയാറാക്കിയിരിക്കുന്നത്.

നിലവിൽ ഗ്രാമത്തിൽ 75%, നഗരത്തിൽ 50% എന്നിങ്ങനെയാണു സബ്സിഡി റേഷൻ നൽകുന്നതിനുള്ള വ്യവസ്ഥ. ഇതു യഥാക്രമം 60%, 40% എന്നിങ്ങനെ ചുരുക്കാനാണു നിർദേശം.

യഥാർഥത്തിൽ നിലവിലുള്ള വ്യവസ്ഥപ്രകാരം പോലും കേരളത്തിനു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 

2011 സെൻസസ് പ്രകാരം 3.34 കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയിൽ 17.45 കോടി ഗ്രാമങ്ങളിലും 15.93 കോടി നഗരങ്ങളിലുമാണ്. ഇതിൽ 1.54 കോടി പേർക്കു മാത്രമാണു ഭക്ഷ്യ സബ്സിഡി. 

കേന്ദ്ര സർക്കാരിന്റെ സബ്സിഡി റേഷൻ ലഭിക്കുന്ന 38.93 ലക്ഷം മുൻഗണനാ വിഭാഗം റേഷൻ കാർഡുകളാണ് കേരളത്തിൽ ആകെയുള്ളത്. 

5,94,159 അന്ത്യോദയ അന്നയോജന കാർ‍ഡുകളും (എഎവൈ – മഞ്ഞ), 32,99,551 മുൻഗണന വിഭാഗം സബ്സിഡി (പിഎച്ച്എച്ച്– പിങ്ക്) കാർഡുകളും ഉൾപ്പെടെയാണിത്. ആകെയുള്ള 89.80 ലക്ഷം റേഷൻ കാർഡുകളുടെ പകുതി പോലും വരില്ല ഈ മുൻഗണനാ വിഭാഗം കാർഡുകൾ. 

ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിനു 14.25 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണു പ്രതിവർഷം കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നത്. 

അതേസമയം, ഭക്ഷ്യകമ്മി ഇല്ലാത്ത കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കു യഥാക്രമം 25.56 മെട്രിക് ടൺ, 36.78 മെട്രിക് ടൺ എന്നിങ്ങനെ ധാന്യങ്ങൾ ലഭിക്കുന്നു. 

പൊതുവിപണിയിലെ ഭക്ഷ്യധാന്യ വില നിലവാരം വലിയൊരളവു വരെ പിടിച്ചുനിർത്തുന്നത് സംസ്ഥാനത്തെ പൊതു റേഷൻ സംവിധാനമാണെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉൾപ്പെടെ റേഷൻ വ്യാപാരികളുടെ സംഘടനകൾ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA