ADVERTISEMENT

തിരുവനന്തപുരം ∙ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങളും വിവാദങ്ങളുമാണ് മത്സരരംഗത്തുനിന്നു പിൻവാങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രേരിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് പദവിയിൽനിന്നു താൽക്കാലികമായെങ്കിലും മാറിനിൽക്കേണ്ടിവരുമെന്നതും കണക്കിലെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം സാഹചര്യം മാറിയതും സംഘടനാപരമായ ഉത്തരവാദിത്തം കൂടിയതും പരിഗണിച്ചു. എന്നാൽ, ഹൈക്കമാൻ‍ഡിന്റെ ഇടപെടലുണ്ടായാൽ മുല്ലപ്പള്ളി തീരുമാനം മാറ്റിയേക്കും.

കടുത്ത പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അംഗബലം വർധിപ്പിക്കാൻ മുല്ലപ്പള്ളി മത്സരിക്കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ എഐസിസി നടത്തുന്ന സർവേയിൽ ഏതെങ്കിലും മണ്ഡലത്തിൽ മുല്ലപ്പള്ളി മുന്നിലെത്തിയാൽ അദ്ദേഹത്തെ അവിടെ നിർത്തുന്നതു പരിഗണിക്കും. മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

മുല്ലപ്പള്ളിക്കു മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ അനുവദിക്കുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, എവിടെ എന്നതിൽ അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു. കൽപറ്റയിൽ മത്സരിക്കണമെന്ന നിർദേശത്തോടു മുഖം തിരിച്ചുമില്ല. ഒടുവിൽ, തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ മത്സരത്തിനില്ലെന്ന തീരുമാനത്തിലേക്കെത്തി. പ്രചാരണത്തിന് ഒരു മാസം മാത്രമാണു മുന്നിലുള്ളത്. മത്സരിക്കാൻ തീരുമാനിച്ചാൽ പൂർണമായി മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടി വരും. 

പ്രസിഡന്റ് പദവി ലക്ഷ്യമിട്ടുള്ള വർക്കിങ് പ്രസിഡന്റ് കെ.സുധാകരന്റെ സമ്മർദങ്ങളും മത്സരത്തിനില്ലെന്ന തീരുമാനമെടുക്കാൻ മുല്ലപ്പള്ളിയെ പ്രേരിപ്പിച്ചുവെന്നു കരുതുന്നവരുണ്ട്. തന്നെ കണ്ണൂർ സീറ്റിലേക്കു ക്ഷണിച്ച സുധാകരനു തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ മുല്ലപ്പള്ളി നന്ദി പറഞ്ഞതും ഈ പശ്ചാത്തലത്തിൽതന്നെ.

Content Highlights: Mullappally Ramachandran not ready to contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com