ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 60 വയസ്സു കഴിഞ്ഞവരും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനുമേൽ പ്രായമുള്ളവരും ഉൾപ്പെടുന്ന 83 ലക്ഷം പേരുടെ കോവിഡ് വാക്സീൻ കുത്തിവയ്പു കാര്യത്തിൽ ഇനിയും വേണ്ടവിധം ക്രമീകരണം ആയില്ല.

റജിസ്ട്രേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രവും കേരളവും തയാറാകുന്നില്ല. മുതിർന്നവരും രോഗികളും പൊരിവെയിലത്ത് കുത്തിവയ്പു കേന്ദ്രങ്ങൾ കയറിയിറങ്ങി നിരാശരായി മടങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നടപടികളായിട്ടില്ല. തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്താൽ പോലും റജിസ്ട്രേഷൻ നടക്കുന്നില്ലെന്നു പരാതിയുണ്ട്. അക്ഷയകേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാം. എന്നാൽ മിക്ക കേന്ദ്രങ്ങളും ഉയർന്ന ഫീസ് ഈടാക്കുന്നു. കുത്തിവയ്പു കേന്ദ്രങ്ങളിൽ നേരിട്ടു പോകുന്നവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിയും വരുന്നു. ആരോഗ്യവകുപ്പ് അധികൃതരെ ഫോണിൽ ബന്ധപ്പെടുന്നവർക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ല.

വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ കോവിൻ പോർട്ടലിലൂടെ കേന്ദ്രം നിയന്ത്രിക്കുന്നതിനാൽ സംസ്ഥാനത്തിന് അതെക്കുറിച്ചു കാര്യമായ വിവരങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 3.80 ലക്ഷം പേർക്ക് വാക്സീൻ നൽകണം. ഇവർക്കു കുത്തിവയ്പ് തുടരുന്നുവെങ്കിലും ഇതുവരെ എത്രപേർക്കു വാക്സിനേഷൻ നടത്തിയെന്ന കണക്ക് സംസ്ഥാനത്തിനില്ല. കഴിഞ്ഞ 26നു ശേഷം പോർട്ടലിൽ നിന്ന് ഒരു വിവരവും ഡൗൺലോഡ് ചെയ്യാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കു സാധിക്കാത്തതാണു കാരണം.

എന്നാൽ കുത്തിവയ്പ് കേന്ദ്രങ്ങൾ വർധിപ്പിക്കുന്നതിൽ കേരളം പിന്നോട്ടാണെന്നു പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് 60% ആശുപത്രികളും സ്വകാര്യ മേഖലയിലാണെങ്കിലും നൂറോളം സ്വകാര്യ ആശുപത്രികളിൽ മാത്രമേ ഇതിനകം വാക്സിനേഷൻ കേന്ദ്രം തുറന്നിട്ടുള്ളൂ. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളാണിവ. മറ്റു സ്വകാര്യ ആശുപത്രികൾ ഡിഎംഒ ഓഫിസിൽ അപേക്ഷ നൽകിയാൽ മാത്രം കേന്ദ്രം അനുവദിച്ചാൽ മതിയെന്നാണു സർക്കാർ നിലപാട്. അപേക്ഷ നൽകിയ ആശുപത്രികളിൽ പരിശോധന നൽകി അനുമതി നൽകുന്ന നടപടികളും വൈകുന്നുണ്ട്.

കുത്തിവയ്പിൽ മുഖ്യമന്ത്രി ‘വലതുപക്ഷം’

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തിവയ്പെടുത്തതു വലംകയ്യിൽ. ഇന്നലെ രാവിലെ 11നു തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പിണറായി എത്തിയതു ഭാര്യ കമലയ്ക്ക് ഒപ്പമായിരുന്നു. ഇടംകയ്യിലാണു കുത്തിവയ്പെടുക്കേണ്ടതെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഓർമിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ചൊവ്വാഴ്ച ഇടംകയ്യിൽ കുത്തിവച്ചതാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ വലംകയ്യിൽ വാക്സീൻ കുത്തിവയ്ക്കുകയായിരുന്നു. കമല ഇടംകയ്യിലാണു കുത്തിവയ്പെടുത്തത്. നഴ്സ് എസ്.എസ്.അഭിരമ്യയാണു കുത്തിവയ്പെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com