ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചു: കോടതി

HIGHLIGHTS
  • മുളകു സ്പ്രേ അടിച്ച കേസിൽ ബിജെപി നേതാക്കൾക്കു മുൻകൂർ ജാമ്യം
Bindu Ammini | Kerala High Court
ബിന്ദു അമ്മിണി, കേരള ഹൈക്കോടതി
SHARE

കൊച്ചി ∙ ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ, ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ ബിജെപി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമർശം.

ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു.

ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികൾ ബിജെപി - ആർഎസ്എസ് നേതാക്കളാണെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും ജാമ്യത്തിൽ വിടണമെന്നു കോടതി പൊലീസിനു നിർദേശം നൽകി. അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസിൽ പറയുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബർ 12നാണ് ഇവരെ കേസിൽ പ്രതികളാക്കിയത്. ഒരാൾ അഭിഭാഷകനും മറ്റൊരാൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാർഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

English Summary: Bindu Ammini case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA