ADVERTISEMENT

കൊച്ചി ∙ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടികൾ ഹൈക്കോടതി തടഞ്ഞു. സംസ്ഥാന സർക്കാർ, വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്ഥിരനിയമനം ലഭിച്ച 10 ജീവനക്കാർ എന്നിങ്ങനെ 31 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. ഹർജി ഇനി പരിഗണിക്കുന്ന 12 വരെ തൽസ്ഥിതി തുടരാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.

കെൽട്രോൺ, സിഡിറ്റ്, ഹോർട്ടികോർപ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകൾക്കെതിരെ പിഎസ്‌സി റാങ്ക്‌ലിസ്റ്റിൽപ്പെട്ട അടൂർ സ്വദേശി എസ്. വിഷ്‌ണു ഉൾപ്പെടെ 6 ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഈ സ്ഥാപനങ്ങളിൽ സ്ഥിരനിയമനം ലഭിച്ച അഞ്ഞൂറിലേറെ താൽക്കാലിക ജീവനക്കാരിൽ 10 പേരെ മാത്രമാണ് എതിർകക്ഷികളാക്കിയിരിക്കുന്നത്. പിഎസ്‌സി ലിസ്റ്റിലെ ഉദ്യോഗാർഥികൾക്കു ജോലി ലഭിക്കുമായിരുന്ന തസ്തികകളിൽ സ്ഥിരനിയമനം ലഭിച്ചവരാണിത്.

നടപടിക്രമങ്ങൾ പാലിക്കാതെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് ഉമാദേവി കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹർജിക്കാർ വാദിച്ചു. സംവരണ വിഭാഗങ്ങളുടെ ഊഴം വ്യക്തമാക്കുന്ന റോസ്റ്റർ ഉൾപ്പെടെ പരിഗണിക്കാതെയാണു നിയമനങ്ങൾ. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകണമെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നു താൽക്കാലിക/ കരാർ നിയമനം നടത്താൻ നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

‘സ്ഥിരപ്പെടുത്തൽ സർക്കാർ ഉത്തരവുകളുടെ ലംഘനം’
കൊച്ചി ∙ സർക്കാർ നിയമനങ്ങൾ സംബന്ധിച്ചു സുപ്രീം കോടതി വിധികളുടെ അന്തസ്സത്ത ഉൾക്കൊണ്ടു സംസ്ഥാന സർക്കാർതന്നെ മുൻപിറക്കിയ ഉത്തരവുകളുടെ ലംഘനമാണ് ഇപ്പോഴത്തെ സ്ഥിരപ്പെടുത്തലെന്നു പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

നിയമനങ്ങൾ പിഎസ്‌എസിക്കു വിടണമെന്നും താൽക്കാലിക ജീവനക്കാർക്കു സ്ഥിര നിയമനത്തിന് അവകാശമില്ലെന്നും സർക്കാർ 2015 മേയ് 13ലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക, കരാർ ജീവനക്കാരെ സംബന്ധിച്ചു തുടർന്നുള്ള ഉത്തരവുകളിലും ഈ നിലപാട് ആവർത്തിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രത്യേകമായി നൽകിയിരിക്കുന്ന 2015 മേയ് 13ലെ സർക്കുലർ കെൽട്രോൺ, സിഡിറ്റ് തുടങ്ങിയവയ്ക്കു ബാധകമാണെന്നും ഇതിനു വിരുദ്ധമായി നടപടിയെടുക്കാനാവില്ലെന്നുമാണ് ഹർജിയിലെ വാദം. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ നിയമനം പിഎസ്‌സിക്കു വിടാൻ 2006 ഫെബ്രുവരി രണ്ടിലെ ഉത്തരവുപ്രകാരം സർക്കാർ തീരുമാനിച്ച കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്ഥിരപ്പെടുത്തലിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവ് ബാധകമായ സ്ഥാപനങ്ങളും തസ്തികകളും: കെൽട്രോൺ 296, സിഡിറ്റ് 114, സ്കോൾ കേരള 53, ഹോർട്ടികോർപ് 37, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) 3, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ 6, നാഷനൽ കൊയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് 10, വനിതാ കമ്മിഷൻ 3, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ 11, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (10 വർഷം പിന്നിട്ടവർക്കു സ്ഥിരനിയമനം).

English Summary : High Court on confirming contract workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com