ADVERTISEMENT

തിരുവനന്തപുരം ∙ അടുത്തിടെ പാർട്ടിയിൽ അംഗത്വമെടുത്ത മെട്രോമാൻ ഇ.ശ്രീധരനെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.  ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞതിനു പിന്നാലെയാണു മുരളീധരനും ഇതു സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. 

എന്നാൽ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും കെ.സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വി.മുരളീധരൻ പിന്നീട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

‘കേരളത്തിലെ ബിജെപി ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിൽ പോരാടും. സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരുപോലെ തോൽപ്പിക്കും. കേരള ജനതയ്ക്കായി അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം കാഴ്ചവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളീയരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ ബിജെപി പരിശ്രമിക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമവും ഫലപ്രദവുമായ സർക്കാർ പുതിയ കേരളത്തിനു വഴിയൊരുക്കും’– മുരളീധരൻ വ്യക്തമാക്കി.

തീരുമാനം കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനാണെന്നു സുരേന്ദ്രൻ വ്യക്തമാക്കി. ‘കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. അഴിമതിയില്ലാതെ 5 മാസം കൊണ്ട് ഒരു പാലം പണിത വ്യക്തിയാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു. ‘രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റിനെ പോലെയാണു താൻ പ്രവർത്തിക്കുക’ എന്നു ശ്രീധരൻ വാർത്താ ഏജൻസിയോടു പ്രതികരിച്ചു.

English Summary: 'Metro Man' E Sreedharan BJP's Chief Minister Candidate: Union Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com