ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾക്കു പരിഹാരവുമായി പുതിയ ക്രമീകരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവിൽ വാക്‌സീൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്കു കുറയ്ക്കുന്നതിനു സ്പോട് റജിസ്‌ട്രേഷനിൽ ടോക്കൺ സംവിധാനം നടപ്പിലാക്കും.

സ്പോട് റജിസ്‌ട്രേഷൻ ഉച്ചയ്ക്കു മുൻപ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓൺലൈൻ ആയി സന്ദർശനസമയം എടുത്തു വരുന്നവർക്കും നേരിട്ടു വരുന്നവർക്കും നിശ്ചിത എണ്ണം അനുവദിക്കും. പരമാവധി പോർട്ടലിൽ ബുക്ക് ചെയ്തു വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം.

കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സീൻ എടുക്കാൻ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിങ്ങിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭ്യമല്ലെന്നും പരാതി ഉണ്ട്. റജിസ്‌ട്രേഷൻ സുഗമമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിക്കും. എല്ലാ ജില്ലകളും അടുത്ത ദിവസത്തേക്കുള്ള വാക്‌സീൻ കേന്ദ്രങ്ങളുടെ പട്ടിക കൈമാറും. ഓരോ കേന്ദ്രത്തിലേയും സെഷനുകളെക്കുറിച്ചുള്ള വിശദാംശം മാധ്യമങ്ങൾ വഴി ലഭ്യമാക്കും.
കോവാക്സീൻ ഫലപ്രദമാണെന്ന് ഐസിഎംആർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ അതിതീവ്ര വകഭേദത്തെയും ഇതിനു പ്രതിരോധിക്കാനാകും. 9ന് 21 ലക്ഷം ഡോസ് വാക്‌സീൻ കൂടി എത്തും.

വാക്സീൻ എടുത്തത് 3,47,801 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്തു വ്യാഴാഴ്ചവരെ 3,47,801 ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്‌സീൻ സ്വീകരിച്ചു. ഇതിൽ 1,31,143 പേർ 2 ഡോസും സ്വീകരിച്ചു. 91,916 മുന്നണി പോരാളികൾക്കും 1,14,243 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വാക്സീൻ നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും 45 വയസ്സിനുമേൽ പ്രായമുള്ള, ഗുരുതര രോഗങ്ങൾ ഉള്ളവരും ഉൾപ്പെടുന്ന വിഭാഗത്തിൽ 30,061 പേരാണു കുത്തിവയ്പെടുത്തത്.

English Summary: Covid vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com