ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിക്കെതിരായ ഇഡി അന്വേഷണം എന്തു വിലകൊടുത്തും ചെറുക്കാനും വിവാദമാക്കാനും സർക്കാർ തന്നെ മുൻകൈ എടുക്കുന്നതിനു പിന്നിൽ തികഞ്ഞ രാഷ്ട്രീയ കണക്കുകൂട്ടൽ. സർക്കാർ സ്വർണക്കടത്ത് വിവാദത്തിൽപെട്ടിരിക്കെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് എല്ലാ ശ്രദ്ധയും കിഫ്ബിയിലേക്കു തിരിച്ചുവിട്ടതു പോലെ നിയമസഭാ തിരഞ്ഞെടുപ്പിനും കിഫ്ബി മുഖ്യ ചർച്ചാവിഷയമാക്കാനാണു നീക്കം. കിഫ്ബി ചർച്ചയായാൽ സംസ്ഥാനത്തു നടപ്പാക്കിയ വികസനപദ്ധതികൾ ചർച്ചയാകും. നാടിന്റെ പുരോഗതിക്കുവേണ്ടി ജനവികാരം ഉയരും.

പ്രതിപക്ഷമാകട്ടെ കിഫ്ബിക്കെതിരായ നിലപാടു മയപ്പെടുത്തി പകരം ഇഡിക്കെതിരെ തിരിയാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വരുതിയിലാക്കാനും ഒതുക്കാനും കേന്ദ്രസർക്കാർ കളത്തിലിറക്കുന്ന ഏജൻസിയെന്ന ദുഷ്പേര് ഇപ്പോൾ തന്നെ ഇഡിക്കുണ്ട്. അതിനാൽ കിഫ്ബിയെ എതിർക്കുന്നതിലൂടെ ഇഡിക്ക് അനുകൂലമായി നിലകൊള്ളേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ പുതിയ നിലപാട്. വിവാദമാക്കാൻ സർക്കാർ ഉത്സാഹിക്കുന്ന വിഷയത്തിൽ കൂടുതൽ ആവേശം കാട്ടേണ്ടെന്നും പ്രതിപക്ഷം കരുതുന്നു.

2019 മേയിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 9.72% പലിശയ്ക്ക് 5 വർഷ തിരിച്ചടവു കാലാവധിയോടെ 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. ഉയർന്ന പലിശയ്ക്കുള്ള ഇൗ കടമെടുപ്പിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ വിമർശനമുയർന്നു. സംസ്ഥാനങ്ങൾ രാജ്യത്തിനു പുറത്തു നിന്നു കടമെടുക്കുന്നതു ഭരണഘടനാലംഘനമാണെന്നു സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തിയതോടെ ആരോപണങ്ങളുടെ ഗൗരവം കൂടി.

നിയമസഭയിൽ വയ്ക്കും മുൻപു റിപ്പോർട്ടിന്റെ ഉള്ളടക്കം ധനമന്ത്രി വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുകയും പിന്നീടു വിവാദഭാഗം നിയമസഭാ പ്രമേയത്തിലൂടെ നീക്കുകയും ചെയ്തു.
ഇൗ വിവാദം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു വലിയ ചർച്ചയാക്കാൻ സിപിഎമ്മിനും സർക്കാരിനും കഴിഞ്ഞു.

കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ തന്നെ കിഫ്ബിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കിഫ്ബി സിഇഒയെ അടക്കം ചോദ്യം ചെയ്യാനുള്ള നീക്കം തികച്ചു രാഷ്ട്രീയ പ്രേരിതമായാണു സർക്കാർ കാണുന്നത്. ഇഡി തന്നെ ചോദ്യംചെയ്യൽ വിവരങ്ങൾ പുറത്തുവിട്ടതിനാൽ വിഷയം വിവാദമാക്കാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്രസർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ മസാല ബോണ്ടിറക്കി പണം സമാഹരിച്ചതാണു തിരിച്ചടിക്കാൻ സർക്കാർ കാണുന്ന മുഖ്യ ആയുധം.

വിദേശനാണയ വിനിമയ ചട്ടം (ഫെമ) അനുസരിച്ചും റിസർവ് ബാങ്ക് അനുമതിയോടെയുമാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നു സർക്കാർ വാദിക്കുന്നു. ബോഡി കോർപറേറ്റായ കിഫ്ബിക്കു മാസാല ബോണ്ട് വഴി പണം സമാഹരിക്കാൻ റിസർവ് ബാങ്കിന്റെ എൻഒസി മതിയെന്നും സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതു പോലെ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണ്ടെന്നുമാണ് നിലപാട്. എന്നാൽ ഫെമ ലംഘിച്ചെന്ന നിലയിലാണ് ഇഡിയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്.

English Summary: Government of kerala tactics behind attack against kiifb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com