ADVERTISEMENT

തിരുവനന്തപുരം ∙ ഇഡിയുടെ ചോദ്യം ചെയ്യലിനായി കൊച്ചി ഓഫിസിലെത്തിയ ധനവകുപ്പ് അഡിഷനൽ സെക്രട്ടറിക്കും 2 ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്ന് ചീഫ് സെക്രട്ടറിയെയും ധനമന്ത്രിയെയും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ കുടിക്കാനുള്ള 3 ഗ്ലാസ് വെള്ളവുമായി ഒരാൾ വന്നു. അത് എടുക്കാൻ കൈനീട്ടിയപ്പോൾ താഴെയിട്ടു പൊട്ടിച്ചു. സോറി പോലും പറയാതെ അയാൾ പോയി. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു.

കുറച്ചു സമയം കഴിഞ്ഞ് ഒരാൾ ചൂടുള്ള കോഫിയുമായി വന്നു. അത് എടുക്കാൻ ആഞ്ഞപ്പോൾ നിലത്തിട്ടു പൊട്ടിച്ചു. ചൂടു കോഫി അഡിഷനൽ സെക്രട്ടറിയുടെ കാലിൽ കൊണ്ടു ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു വൃത്തിയാക്കി. വളഞ്ഞ വഴിയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്നാണു സർക്കാർ കരുതുന്നത്. അതേസമയം, വ്യക്തിപരമായി പരാതി നൽകാൻ ചോദ്യം ചെയ്യലിനു വിധേയരായ ഉദ്യോഗസ്ഥർ ഇപ്പോൾ തയാറല്ല.

ഇഡിക്കെതിരെ കേസെടുക്കാൻ ആലോചനയുമായി സർക്കാർ

കിഫ്ബിക്കെതിരെ അന്വേഷണവും ചോദ്യം ചെയ്യലുമായി കളത്തിലിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം പരാതി നൽകി.

ചോദ്യംചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം നിയമനടപടികൾ സർക്കാർ പരിഗണിക്കുകയാണ്.

മുൻപ് പ്രോട്ടോക്കോൾ ഓഫിസിലെ ഉദ്യോഗസ്ഥനും സമാന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇഡിക്കെതിരെ കേസെടുക്കുന്നത് ഉചിതമല്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ പരാതിയിൽ മുഖ്യമന്ത്രി സമ്മതം നൽകിയാൽ പൊലീസ് കേസെടുക്കും. ഇതു കേന്ദ്ര ഏജൻസിയും സംസ്ഥാന സേനയും തമ്മിലെ ഏറ്റുമുട്ടലിനു വഴിതെളിക്കും.  തിരഞ്ഞെടുപ്പിലെ സജീവ ചർച്ചാവിഷയം കൂടിയായി ഇതു മാറും.

ധനവകുപ്പിൽ നിന്നു കിഫ്ബിയിലേക്കു പോയി ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡിഷനൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമർശിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി എഴുതി വാങ്ങി ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന.

ഇഡിയുമായി ഏറ്റുമുട്ടലിലേക്കു സർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ ഇൗയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്നു കിഫ്ബി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽ‌കി. 2 വർഷം മുൻപ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി എടുത്ത 2150 കോടി വായ്പയുടെ പേരിൽ ഇപ്പോൾ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com