പരസ്യ‘കുടുക്കിൽ’ തോറ്റ് സ്ഥാനാർഥി മോഹികൾ

election
SHARE

കോഴിക്കോട് ∙ പ്രചാരണ വിഡിയോ പുറത്തുവന്നപ്പോൾ സ്ഥാനാർഥിയുടെ പാർട്ടിയുടെ പേരു മാറിപ്പോയി... നിലവിലുള്ള എംഎൽഎയ്ക്കു വേണ്ടി തയാറാക്കിയ ടാഗ്​ലൈനിലെ സന്ദേശം ‘മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ല’ എന്ന്... സ്ഥാനാർഥി കുപ്പായമിട്ടവരെ സഹായിക്കാൻ ചില ഉത്തരേന്ത്യൻ ഏജൻസികൾ ചെയ്തു കൂട്ടിയ വിക്രിയകളിൽ ചിലതാണ് ഇതെല്ലാം. അതും ലക്ഷങ്ങൾ പ്രതിഫലം പറ്റിയശേഷം.
സമൂഹ മാധ്യമങ്ങളിലും മത്സരിക്കുന്ന മണ്ഡലത്തിലും പരമാവധി പ്രചാരണം– ഇതാണ് ഉത്തരേന്ത്യൻ ഏജൻസികളുടെ വാഗ്ദാനം. പലരും ഇതിൽ വീണുപോയി. പാർട്ടി ഏതെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ഏജൻസി പ്രതിനിധികൾ സ്ഥാനാർഥി മോഹിയുടെ വിഡിയോ എഡിറ്റിങ് ഏറ്റെടുത്തതോടെ മധ്യതിരുവിതാംകൂറിലെ ഒരു സ്ഥാന മോഹിയുടെ 45 ലക്ഷമാണ് വെള്ളത്തിലായത്. തൊട്ടു പിന്നാലെ ജില്ലയിൽ നിന്നുള്ള സ്ഥാനാർഥി പട്ടികയിൽ പോലും തനിക്ക് ഇടമില്ലെന്ന ഞെട്ടിക്കുന്ന വിവരവും ഇദ്ദേഹത്തിനു കിട്ടി.
ഏജൻസികൾ 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെ ഈടാക്കുന്നുണ്ട്. മണ്ഡലത്തിലെ നേരിട്ടുള്ള പ്രചാരണത്തിന്റെ ചെലവും പ്രവർത്തകരെ കൂടെ നിർത്തേണ്ട ചെലവും സ്ഥാനാർഥി വേറെ വഹിക്കണം. സ്ഥാനാർഥിത്വം നേരത്തേ ഉറപ്പാക്കിയ ചിലർ വളരെ മുൻപേ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
മുംബൈയിലും ഡൽഹിയിലും മാധ്യമപ്രവർത്തനവും പബ്ലിക് റിലേഷൻസ് ഏജൻസികളും നടത്തിയിരുന്നവരാണ് ‘വാർ റൂമിൽ’. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പിടിയില്ലാത്തതിനാലാണ് ഇവർ ചെയ്ത വിഡിയോയിൽ സ്ഥാനാർഥിയുടെ പാർട്ടി മാറിപ്പോയത്.
മൊബൈൽ ‍ആപ് ഉണ്ടാക്കാമെന്നും ഓരോ ദിവസത്തെയും ട്രെൻഡ് സ്ഥാനാർഥികൾക്കു ലഭ്യമാക്കാമെന്നും അവകാശപ്പെട്ട് ചില സ്റ്റാർട്ടപ്പുകളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇവിടെയും പ്രശ്നം മറ്റൊന്നാണ്. എൽഡിഎഫും യുഡിഎഫും എൻഡിഎയും തിരിച്ചറിയാത്തവരാണ് നിയന്ത്രിക്കുന്നത്.
മൈക്ക് അനൗൺസ്മെന്റ് മുതൽ ഫോട്ടോ ഷൂട്ട് വരെ ഏജൻസികൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റുഡിയോയ്ക്കുള്ളിൽ വച്ചുള്ള ചിത്രീകരണം, ഔട്ട്ഡോർ ഷൂട്ടിങ്, പശ്ചാത്തല ശബ്ദം റെക്കോർഡ് ചെയ്ത വിഡിയോ ചിത്രീകരണം, പോസ്റ്റർ ഡിസൈനിങ്, ട്രോളുകൾ, അനിമേഷൻ പോസ്റ്റർ, വിഡിയോ പോസ്റ്റർ, ബാനറുകൾ, ബോർഡുകൾ, എസ്എംഎസ് ക്യാംപെയ്ൻ, യു ട്യൂബിൽ വിഡിയോ, ലൈവ് സ്ട്രീമിങ് തുടങ്ങി എല്ലാ മേഖലയിലും ഏജൻസികൾ സഹായത്തിനെത്തും.

Content Highlight:  Kerala Assembly Elections 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA