തുടർച്ചയായി 2 തവണ ജയിച്ചവരെ മാറ്റാൻ സിപിഎം; 5 മന്ത്രിമാർക്കും സ്പീക്കർക്കും സീറ്റില്ല

Aisha-Potty-sreeramakrishnan-raju-abraham
അയിഷ പോറ്റി, പി.ശ്രീരാമകൃഷ്ണൻ, രാജു എബ്രഹാം
SHARE

തിരുവനന്തപുരം ∙ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്ക് ഇത്തവണ സീറ്റില്ല. തുടർച്ചയായി രണ്ടോ അതിലേറെയോ തവണ ജയിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെയാണിത്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇളവിനുള്ള വാദം ഉയർന്നില്ലെങ്കിൽ ഇവരടക്കം 23 സിറ്റിങ് എംഎൽഎമാർ മാറേണ്ടിവരും.

വി.എസ്. അച്യുതാനന്ദൻ, രാജു ഏബ്രഹാം, അയിഷ പോറ്റി, ബി.സത്യൻ, ആർ. രാജേഷ്, സുരേഷ് കുറുപ്പ്, എസ്.രാജേന്ദ്രൻ, എസ്.ശർമ, ബി.ഡി. ദേവസ്സി, കെ.വി. അബ്ദുൽ ഖാദർ, എ. പ്രദീപ്കുമാർ, കെ.ദാസൻ, പുരുഷൻ കടലുണ്ടി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ എന്നിവരാണു തുടർച്ചയായി 2 ടേം വ്യവസ്ഥയിൽപ്പെടുന്ന മറ്റുള്ളവർ. അതേസമയം മണ്ഡലത്തിലെ ജയസാധ്യത കണക്കിലെടുത്ത് വളരെ ചുരുക്കം പേർക്കു മാത്രം ഇളവു നൽകാനുള്ള സാധ്യത നിലനിൽക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ നേതൃത്വത്തിന്റെയും അഭിപ്രായം തേടിയാകും അവസാന തീരുമാനം.

thomas-isaac-ep-jayarajan-ak-balan-g-sudhakaran
തോമസ് ഐസക്, ഇ.പി ജയരാജന്‍, എ.കെ. ബാലൻ. ജി.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മണി, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ വീണ്ടും ജനവിധി തേടും. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരെ മത്സരിപ്പിക്കാനാണു സാധ്യത. എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവരുടെ കാര്യവും ചർച്ച ചെയ്തു. ഗുരുവായൂരിൽ ബേബി ജോണിനെ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചെങ്കിലും ഒഴിവാകുന്നതായാണു വിവരം. തൃശൂർ ജില്ലയിൽ പഴയ വിഎസ് പക്ഷത്തെ പ്രമുഖന്റെ പേരും സജീവ പരിഗണനയിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെയും പരിഗണിക്കാനിടയില്ല. തൃത്താലയിൽ എം.ബി. രാജേഷിന്റെ കാര്യം ഇതോടെ സംശയത്തിലായി. കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിച്ച ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിനു പകരം സ്ഥാനാർഥിയായേക്കും.

ലോക്സഭാ സ്ഥാനാർഥികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിട്ടു. മന്ത്രി ബാലൻ ഒഴിയുന്ന തരൂരിൽ ഭാര്യ ഡോ. പി.കെ .ജമീലയുടെ പേര് സെക്രട്ടേറിയറ്റ് പരിഗണിച്ചു. പാർട്ടി അംഗമല്ലാത്ത മന്ത്രി കെ.ടി. ജലീലിനു വിജയസാധ്യത കണക്കിലെടുത്തു തവനൂരിൽ വീണ്ടും ടിക്കറ്റ് നൽകാനാണു സാധ്യത.

ജില്ലകൾ നിർദേശിച്ചതിൽ തള്ളിയ പേരുകൾക്കു പകരം നിർദേശിക്കാവുന്നവരുടെ പട്ടിക ഇന്നലെ തന്നെ ജില്ലാ സെക്രട്ടേറിയറ്റുകളോടു ചോദിച്ചു. ചില ജില്ലകൾ ഇന്നു സംസ്ഥാന കമ്മിറ്റിക്കു മുൻപേ നൽകൂ. ഇതെല്ലാം പരിഗണിച്ച് സംസ്ഥാന കമ്മിറ്റി പട്ടിക തയാറാക്കും. ഈ പട്ടിക വീണ്ടും ജില്ലാ, മണ്ഡലം കമ്മിറ്റികളിൽ ചർച്ച ചെയ്ത് അന്തിമമാക്കും.

പി.കെ.ശശിക്ക് സീറ്റില്ലെന്ന് സൂചന
പാലക്കാട് ∙ പി.കെ.ശശി എംഎൽഎയ്ക്ക് സിപിഎം ഇത്തവണ സീറ്റ് നൽകില്ലെന്നു സൂചന. ജില്ലാ നേതൃത്വം നൽകിയ പട്ടികയിൽ നിന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ടാണു പേര് ഒഴിവാക്കിയതെന്നാണ് അറിയുന്നത്. ഒരു തവണ മാത്രമേ ശശി എംഎൽഎ ആയിട്ടുള്ളൂ. മുൻപുണ്ടായ ആരോപണങ്ങളുടെ പേരിലാണ് ഒഴിവാക്കപ്പെട്ടതെന്നാണു വിവരം. ഷൊർണൂരിൽ പി.കെ.ശശിക്ക് അവസരം ലഭിച്ചില്ലെങ്കിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വരുമെന്നാണു കേൾവി.

English Summary: CPM on EP Jayarajan, Thomas Isaac, G Sudhakaran in Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA