ADVERTISEMENT

കൊച്ചി ∙ കസ്റ്റംസ് പ്രിവന്റീവ് വീണ്ടും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.

സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.

മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെ‌ളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പൻ സ്രാവുകൾ’ പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.

ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.

Content Highlights: Kerala dollar smuggling: New reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com