സ്വപ്നയുടെ നിയമനം: ബംഗാളിലും പിഡബ്ല്യുസിക്ക് തലവേദന; കത്തുകൾ പുറത്ത്

HIGHLIGHTS
  • പിബബ്ല്യുസിയുടെ വിലക്കിനെക്കുറിച്ച് കേരളത്തോട് ആരാഞ്ഞ് ബംഗാൾ സർക്കാർ
1200-swapna-suresh
സ്വപ്ന
SHARE

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കേരളത്തിൽ മാത്രമല്ല ബംഗാളിലും തലവേദനയാകുന്നു. ബംഗാൾ സർക്കാരിന്റെ സമാനമായ ടെൻഡറിൽ പിഡബ്ല്യുസി പങ്കെടുത്തതിനെത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് തൽസ്ഥിതി ആരാഞ്ഞ് ബംഗാൾ ഐടി വകുപ്പ് സംസ്ഥാന സർക്കാരിന് കത്തയച്ചു. ടെൻഡർ കുറ്റമറ്റതാക്കാനും ബംഗാൾ സർക്കാരിന് തിരിച്ചടിയുണ്ടാകാതിരിക്കാനുമാണ് വിവരങ്ങൾ ആരായുന്നതുമെന്നുമാണ് ഐടി വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ കത്തിലുള്ളത്. 

സ്വപ്നയുടെ നിയമനം വിവാദമായതിനു പിന്നാലെ കേരള സർക്കാർ ഐടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും പിഡബ്ല്യുസിക്ക് 2 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബംഗാൾ സർക്കാർ കേരളത്തെ സമീപിച്ചത്. കേരളത്തിന്റെ വിലക്കിനെതിരെ പിഡബ്ല്യുസി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഐടി വകുപ്പ് ബംഗാളിനെ അറിയിച്ചു. 

ബംഗാൾ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാൾ ഇലക്ട്രോണിക്സ് ഇൻഡസ്ട്രി ഡവലപ്മെന്റ് കോർപറേഷന്റെ (ഡബ്ല്യുബിഇഐഡിസി) പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെൻഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. 

പിഡബ്ല്യുസിയെ വിലക്കിയ സർക്കാർ ഉത്തരവ് മാർച്ച് 5 വരെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേരളത്തിലെ വിലക്ക് മറ്റ് സംസ്ഥാനങ്ങളിൽ പിഡബ്ല്യുസിക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം. രാജ്യത്ത് എവിടെയെങ്കിലും വിലക്ക് നേരിട്ട കൺസൽറ്റൻസി സ്ഥാപനങ്ങൾക്ക് സർക്കാർ ടെ‍ൻഡറുകളിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകാം. ജിഎസ്ടി അടക്കം 3.18 ലക്ഷം രൂപയ്ക്കാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയോഗിച്ചത്. സ്വപ്നയുടെ സേവനത്തിനായി നൽകിയ 19.06 ലക്ഷം രൂപ തിരിച്ചുതരണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടിട്ടും പിഡബ്യുസി അനങ്ങിയിട്ടില്ല. 

നടന്നത് പരസ്പരം പഴിചാരൽ 

സ്വപ്നയുടെ അറസ്റ്റിനു പിന്നാലെ നിയമനത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴിചാരി സർക്കാർ സ്ഥാപനമായ കെഎസ്ഐടിഐഎല്ലും പിഡബ്ല്യുസിയും പരസ്പരം അയച്ച കത്തുകൾ പുറത്തുവന്നിരുന്നു. നിയമനകാര്യത്തിൽ സർക്കാരിനെ പൂർണമായും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് പി‍ഡബ്ല്യുസി ഉന്നയിച്ചത്. കെഎസ്ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദാണ് 2019 ഒക്ടോബർ ഒന്നിന് സ്വപ്നയുടെ ബയോഡേറ്റ തങ്ങൾക്ക് കൈമാറിയതെന്ന ഗുരുതരമായ ആരോപണമാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

സർക്കാർ സ്ഥാപനത്തിന്റെ എംഡി തന്നെ നിയമനത്തിനായി ശുപാർശ നൽകിയിട്ട് പിഡബ്ല്യുസിയെ കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്ന വാദമാണ് അവരുടെ ലീഗൽ ഏജൻസിയായ ഷാർദുൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന്റെ അഭിഭാഷകൻ അയച്ച കത്തിൽ പറയുന്നത്. എന്നാൽ ഇവയെല്ലാം ആരോപണങ്ങളാണെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് പിഡബ്ല്യുസി നടത്തുന്നതെന്നും കെഎസ്ഐടിഐഎൽ തിരിച്ചടിച്ചു. ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ പിഡബ്ല്യുസി വ്യക്തമാക്കിയിട്ടില്ലെന്നും കെഎസ്ഐടിഐഎൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെളിവുകൾ കെഎസ്ഐടിഐഎല്ലിനെ കാണിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും ആവശ്യമായ ഘട്ടങ്ങളിൽ തെളിവുകൾ പുറത്തുവിടുമെന്നും പിഡബ്ല്യുസി വ്യക്തമാക്കി. കത്തിലൂടെയുള്ള ഈ പോരിന്റെ തുടർച്ചയായിട്ടാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പിൽ നിന്ന് വിലക്കുകയും കെ–ഫോൺ പദ്ധതിയിൽ നിന്ന് മാറ്റുകയും ചെയ്തത്. ഇതിനെതിരെയാണ് പിഡബ്ല്യുസി ഹർജി നൽകിയത്. 

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് പിഡബ്ല്യുസി പറയുന്നതിങ്ങനെ: 

‘2019 സെപ്റ്റംബറിലാണ് സർക്കാരിന്റെ സ്പേസ് കോൺക്ലേവിന്റെ നടത്തിപ്പിനായി ഒരു ജൂനിയർ  കൺസൽറ്റന്റിനെ വേണമെന്ന് കെഎസ്ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പ്രതിനിധി സുദീപ് ദാസും തമ്മിൽ ചർച്ച നടക്കുന്നത്. ഹ്രസ്വകാലത്തേക്കാണ് സേവനം ആവശ്യമെന്നും പറഞ്ഞിരുന്നു. ഒക്ടോബർ ഒന്നിന് കെഎസ്ഐടിഐഎൽ എംഡി  സ്വപ്ന സുരേഷിന്റെ ബയോഡേറ്റ പിഡബ്ല്യുസിക്ക് അയച്ചകൊടുത്തു. ഒക്ടോബർ രണ്ടിന് സുദീപ് ദാസ് സ്വപ്നയുടെ പ്രാഥമിക അഭിമുഖം നടത്തി. അതിനു ശേഷം സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് സ്വപ്നയുടെ അഭിമുഖം നടത്തി. ഈ അഭിമുഖത്തിൽ പിഡബ്ല്യുസിയുടെ പ്രതിനിധികൾ ആരുമുണ്ടായിരുന്നില്ല. തുടർന്ന് വിഷൻ ടെക്നോളജി എന്ന തേഡ് പാർട്ടി സ്ഥാപനം വഴി നിയമനത്തിനുള്ള നടപടിക്രമങ്ങൾ സ്വപ്ന പൂർത്തിയാക്കി. ഇതിനു ശേഷം കെഎസ്ഐടിഐഎൽ എംഡി സ്വപ്നയുടെ നിയമനം അംഗീകരിച്ചു. ഒക്ടോബർ 19ന് വർക് ഓർഡർ വച്ചു. 21ന് കെഎസ്ഐടിഐഎൽ ഓഫിസിൽ സ്വപ്ന ജോലി തുടങ്ങി’.

English Summary: Bengal government enquires about price water house coopers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA