ADVERTISEMENT

തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കില്ലെന്നും ഉപതിര‍ഞ്ഞെടുപ്പിൽ മത്സരിച്ച കോന്നിയിൽ തന്നെയാകും വീണ്ടും നിൽക്കുന്നതെന്നും സൂചന.

നേരത്തെ കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുമെന്നു കരുതപ്പെട്ട മണ്ഡലമാണു കഴക്കൂട്ടം. എന്നാൽ വി.മുരളീധരൻ മത്സരരംഗത്തില്ലെന്നാണു പാർട്ടിവൃത്തങ്ങൾ പങ്കുവയ്ക്കുന്ന വിവരം.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സാധ്യതകൾ പരിശോധിക്കപ്പെടുന്നുണ്ട്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി മലപ്പുറത്ത് മത്സരിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിക്കാനില്ലെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ എത്ര സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് അദ്ദേഹം ഉത്തരം തേടി. ദേശീയ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി എന്നിവരും പങ്കെടുത്തു. രാത്രി പത്തോടെ അമിത് ഷാ ഡൽഹിക്കു മടങ്ങി. കോർ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇന്നു വീണ്ടും ചേരും. സീറ്റ് നിർണയത്തിൽ ഇന്നും ചർച്ച നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി 5 റാലികളിലും അമിത്ഷാ 7 റാലികളിലും പങ്കെടുക്കുമെന്നാണു സൂചന. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ കേന്ദ്ര നേതാക്കൾ ദിവസവും പ്രചാരണത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com