ADVERTISEMENT

കോഴിക്കോട് ∙ വയനാട്ടിലെ ഈട്ടികൊള്ള പിടികൂടിയ വനം ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ കൺസർവേറ്റർ തയ്യാറാക്കിയ തട്ടിക്കൂട്ട് റിപ്പോർട്ടിൽ 300 ഏക്കറോളം കൃഷി ഭൂമി വ്യക്തികളിൽ നിന്നു തിരികെ പിടിച്ച് വനഭൂമിയാക്കി മാറ്റണമെന്നും ശുപാർശ. പ്രമുഖ സിനിമാ സംവിധായകൻ രഞ്ജിത്തിന്റെയുൾപ്പെടെ കൈവശമുള്ള തോട്ടമാണ് വനഭൂമിയാക്കി മാറ്റണമെന്ന് കൺസർവേറ്റർ നാലുദിവസം കൊണ്ട് റിപ്പോർട്ടുണ്ടാക്കിയത്. മരം മുറി വിവാദത്തിൽ ഉൾപ്പെട്ട ഏലിക്കുട്ടി വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും ഈ ഭൂമിയി്ൽ നിന്ന് ഈട്ടിമരം മുറിക്കാ‍ൻ അനുവദിച്ച റേഞ്ച് ഓഫിസർ വനം കൊള്ളയ്ക്ക് കൂട്ടു നിൽക്കുകയായിരുന്നു എന്നും വരുത്താനായിരുന്നു കൺസർവേറ്ററുടെ ഉൽസാഹം. 

വയനാട് മണിക്കുന്ന് മലവാരത്തിൽ പഴയ കോട്ടപ്പടി വില്ലേജിലെ 216 സർവെ നമ്പറിൽ പെട്ട 405 ഹെക്ടർ ഭൂമി വനമാക്കുന്നതിന് വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിൽ  283 ഹെക്ടർ വനമാക്കി ഏറ്റെടുത്തിട്ടുണ്ട്. വനം വകുപ്പിന്റെ സർവേയിൽ അതിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ഇല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇനിയും വനഭൂമി ഉണ്ടെന്നും 216 സർവെ നമ്പറിൽ വിവിധ സ്വകാര്യ വ്യക്തികൾ ഇതു കൈവശം വച്ചിട്ടുണ്ടെന്നുമാണ് കൺസർവേറ്ററുടെ റിപ്പോർട്ട്. 

റോജി അഗസ്റ്റിന‍്, ആന്റോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈട്ടിമരം കൊള്ളയെ കുറിച്ച് അന്വേഷിക്കാനാണ് കൺസർവേറ്റർ വയനാട്ടിൽ എത്തുന്നത്. ആ സംഭവം ഗൗരവത്തിലെടുക്കാതെ ഈട്ടിക്കൊള്ള പിടികൂടിയ റേഞ്ച് ഓഫിസർക്കെതിരെ തനിക്കു കിട്ടിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാലു ദിവസം കൊണ്ട് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു കൺസർവേറ്റർ ചെയ്തത് എന്ന് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം കൺസർവേറ്ററുടെ നടപടിക്കെതിരെ കഴിഞ്ഞ 13ന് വനം മേധാവിക്കുൾപ്പെടെ റിപ്പോർട്ട് നൽകിയതാണെങ്കിലും ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. വനം മന്ത്രിയെ പോലും ഈ വിവരം അറിയിച്ചിട്ടുമില്ല. ഉന്നതരുടെ നിർദേശപ്രകാരം തന്നെയാണ് കൺസർവേറ്റർ തട്ടിക്കൂട്ട് റിപ്പോർട്ട് ഉണ്ടാക്കിയതെന്നാണ് സൂചന. വനം വകുപ്പിനേക്കാൾ ഉപരിയായി മറ്റ് ഓഫിസുകളിൽ നിന്നുള്ള ഇടപെടലുകളാണ് ഈ കള്ളക്കടത്തിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. 

ജന്മാവകാശം ഉള്ള ഭൂമി: രഞ്ജിത്ത്

വയനാട്ടിൽ താനും സുഹൃത്തും കൂടി വാങ്ങിയത് ജന്മാവകാശമുള്ള കാപ്പിത്തോട്ടമാണ്. വനവുമായി ഈ ഭൂമിക്ക് അതിരില്ല.  കൃഷ്ണമോഹൻ എന്ന ആളിൽ നിന്നാണ് എല്ലാ രേഖകളും പരിശോധിച്ച് ഭൂമി വാങ്ങിയത്.  ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ ഇത് വന ഭൂമി ആയത് എങ്ങനെ എന്നു വ്യക്തമല്ല. ഭൂമി സംരക്ഷിക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നാൽ അതിനും തയ്യാർ.

English Summary: Rosewood smuggling - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com