ADVERTISEMENT

ന്യൂഡൽഹി ∙ നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ഇഡി ആവശ്യപ്പെട്ടു. 

ജാമ്യത്തിലിറങ്ങിയ ശേഷം സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി ഡപ്യൂട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ നൽകിയ അപേക്ഷയിൽ ആരോപിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തതു നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അപേക്ഷയിൽ പറയുന്നു. 

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണു ശിവശങ്കറിന്റെ ശ്രമം. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 2 വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയെക്കുറിച്ചും അപേക്ഷയിൽ പരാമർശമുണ്ട്. സ്വർണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ പേരു പറയിക്കാൻ സ്വപ്നയ്ക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്നു വരുത്തി തീർക്കാനാണു ശ്രമിച്ചത്. 

എന്നാൽ, സമ്മർദമുണ്ടായിട്ടില്ലെന്നാണു സ്വപ്ന പറയുന്നത്. വ്യാജ മൊഴികൾ സൃഷ്ടിച്ചെടുക്കാനാണു ശ്രമം – ഇഡി ചൂണ്ടിക്കാട്ടുന്നു. 

കസ്റ്റഡിയിലായിരിക്കെ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സന്ദീപ് നായരുടെ ആരോപണവും ഇഡി തള്ളി. സന്ദീപ് നായരെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി.

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് ഇഡി വിലയിരുത്തൽ

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറാണെന്ന നിഗമനത്തിൽ ഇഡി.

കേസിൽ അന്വേഷണം പൂർത്തിയാകും മുൻപു ജാമ്യത്തിൽ ഇറങ്ങിയ ശിവശങ്കറിന്റെ താൽപര്യപ്രകാരമാണു ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റർ ചെയ്തതെന്ന് ഇഡി ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി നിർബന്ധിച്ചുവെന്ന മൊഴി പ്രതികളിൽ ചിലരും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ആവർത്തിക്കുന്നതു ശിവശങ്കറിന്റെ താൽപര്യപ്രകാരമാണെന്നാണ് ഇഡി കരുതുന്നത്. 

ജാമ്യത്തിൽ ഇറങ്ങിയ ശേഷം ശിവശങ്കറും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയതിനുള്ള തെളിവുകൾ ഇഡിയും കേന്ദ്ര ഏജൻസികളും ശേഖരിച്ചിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാണു കേസ് അട്ടിമറിക്കാൻ ശിവശങ്കർ ശ്രമിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Content Highlights: ED approaches SC to cancel Sivasankar's bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com