ADVERTISEMENT

കോട്ടയം ∙ വേളൂർ പതിനാറിൽച്ചിറ അമ്പലത്തറയിൽ ചെന്നാൽ 1970കളിലെ ഷൊർണൂർ റെയിൽവേ ലൈൻ കാണാം; പിന്നെ റെയിൽവേ ക്വാർട്ടേഴ്‌സും. 

ആർട്ടിസ്റ്റ് സുജാതൻ അരനൂറ്റാണ്ടു കാലത്തെ രംഗപടങ്ങൾ ഓർമയിൽ നിന്നു വീണ്ടും വരയ്ക്കുകയാണ്. ഇതുവരെ ചെയ്ത 3500 രംഗപടങ്ങളിൽ നിന്നു പ്രധാനപ്പെട്ടവ ഓർത്തെടുത്ത് വരയ്ക്കുകയെന്ന വലിയ ദൗത്യത്തിലാണ് സുജാതൻ. പണ്ട് ചെയ്ത രംഗപടങ്ങളുടെ ഫോട്ടോകൾ പോലും കൈവശമില്ല. ആത്മകഥ എഴുതുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾ പുനരാവിഷ്കരിക്കുന്നത്.

‘അച്‌ഛന്റെ (ആർട്ടിസ്റ്റ് കേശവൻ) പാത പിന്തുടർന്നാണ് നാടകരംഗത്ത് എത്തിയത്. 1970കളിൽ അച്ഛനെ സഹായിക്കാൻ ഈ രംഗത്ത് സജീവമായി. അതിനു മുൻപു തന്നെ ‘വര’ തുടങ്ങിയിരുന്നു. ’73 ൽ കോട്ടയം നാഷനൽ തിയറ്റേഴ്‌സിനു വേണ്ടി ‘നിശാഗന്ധി’യെന്ന നാടകത്തിനു സ്വതന്ത്രമായി രംഗപടം ചെയ്‌തു. ആ നാടകത്തിൽ രണ്ടു രംഗപടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഷൊർണൂരിലെ റെയിൽവേ ലൈൻ. മറ്റൊന്ന് റെയിൽവേ ക്വാർട്ടേഴ്‌സും. അതാണ് ഞാൻ ആദ്യമായി തനിച്ചു ചെയ്യുന്നത്. ഇത് ഉൾപ്പെടെയുള്ളവയുടെ പുനർചിത്രീകരണമാണ് ഇപ്പോൾ മനസ്സിലുള്ളത്’– സുജാതൻ പറഞ്ഞു.

കോവിഡ് ഭീഷണി വരുന്നതിനു മുൻപു വരെ സുജാതൻ നാടകരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം സൗപർണിക നാടകസമിതിയുടെ ‘ഷേക്സ്പിയർ’ എന്ന നാടകത്തിനാണ് അവസാനമായി രംഗപടം ചെയ്തത്.

ഇതുവരെ ചെയ്ത രംഗപടങ്ങളിൽ കാണികളെ ഏറെ വിസ്മയിപ്പിച്ചത് കെപിഎസിയുടെ ‘കൈയും തലയും പുറത്തിടരുത്’ എന്ന നാടകത്തിന്റെ സെറ്റാണ്. 1980 ലാണ് അത് ഒരുക്കിയത്.  കഥാപാത്രങ്ങൾ ബസിൽ യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കുന്ന രംഗപടത്തിന് ഏറെ സ്വീകാര്യത കിട്ടി. 

 കൈവിരുതുകൾ സുജാതന്റെ വീട്ടിലും ഉണ്ട്. സ്വീകരണമുറിയിലെ ഷെൽഫിൽ അടുക്കിവച്ചിരിക്കുന്നതു ‘വയലാറിന്റെ സമ്പൂർണ കൃതികൾ’ ഉൾപ്പെടെയുള്ള കൃതികളാണ്. അതിൽ ഒന്നു എടുത്തു വായിക്കാൻ ശ്രമിച്ചാൽ പക്ഷേ, കിട്ടില്ല. കാരണം ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഷെൽഫും ബുക്കുകളും വരച്ചു വച്ചിരിക്കയാണ്. സ്വീകരണ മുറിയിൽ നിന്നു കുളിമുറിയിലേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ചാലും അമളി പറ്റും. യഥാർഥ രൂപത്തെ അതിശയിപ്പിക്കും വിധം ഭിത്തിയിൽ വാതിൽ വരച്ച് കൈപ്പിടിയും പിടിപ്പിച്ചിരിക്കുകയാണ്. 

Content Highlights: World Theatre Day

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com