ADVERTISEMENT

ന്യൂഡൽഹി ∙ ലാ‌വ്‌ലിൻ കേസിൽ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നിലപാടിന്റെ പേരിൽ സിപിഎം പൊളിറ്റ്‌ബ്യൂറോ(പിബി)യിൽ നിന്നു പുറത്താക്കപ്പെടുമെന്ന് പാർട്ടിയുടെ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രതീക്ഷിച്ചിരുന്നോ? ‘ആ നടപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും ഉണ്ടായേക്കുമെന്നേ കരുതിയുള്ളൂ.’

2009 ജൂലൈ 12ന് ആണ് വിഎസിനെ പിബിയിൽ നിന്നു പുറത്താക്കാൻ കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിച്ചത്. സംഘടനാതത്വങ്ങളും അച്ചടക്കവും ലംഘിച്ചതിന് വിഎസിനെ പുറത്താക്കാനും പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായി നിലനിർത്തി സംരക്ഷിക്കാനുമായിരുന്നു സിസി തീരുമാനം.

എന്താണു സംഭവിച്ചതെന്ന് ‘വിഎസിന്റെ ആത്മരേഖ’യെന്ന ജീവചരിത്രത്തിൽ വിഎസ് തന്നെ പറയുന്നു: ‘മനസ്സിൽ ഒരു യുദ്ധമായിരുന്നു. ക്രമക്കേടിന്റെ എല്ലാ സാധ്യതകളും ഉറപ്പിക്കുന്ന തെളിവുകളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ബോധ്യമുണ്ടായിരുന്നു. പക്ഷേ, പാർട്ടി ഒരു ക്രമക്കേടും ഇല്ലെന്നു പ്രഖ്യാപിച്ചു. ഏതു സ്വീകരിക്കണം. എന്റെ രാഷ്ട്രീയ സുതാര്യത മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവർത്തനമാണ്. അപ്പോൾ എങ്ങനെ ഈ പ്രശ്നത്തിൽ മനഃസാക്ഷിയെ മാറ്റിനിർത്തും? ആ പ്രതിസന്ധിയിലായിരുന്നു ഞാൻ. അതു ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പിബി അംഗീകരിച്ചില്ല. എന്നെ പുറത്താക്കി.’

നേരത്തേ, അച്ചടക്കലംഘനത്തിന്റെ പേരിൽ 2007 മേയിൽ വിഎസിനെയും പിണറായിയെയും പിബിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഏതാനും മാസത്തിനുശേഷം ഇരുവരെയും തിരിച്ചെടുത്തു. എന്നാൽ, മുഖ്യമന്ത്രിയായിരിക്കെ പിബിയിൽ നിന്ന് 2009 ൽ വീണ്ടും പുറത്താക്കപ്പെട്ട വിഎസിനെ തിരികെയെടുത്തില്ല. 2007 ലെ നടപടിക്കു ശേഷം വിഎസും പിണറായിയും പിബിയിൽ തിരിച്ചെത്തിയെങ്കിലും യോജിപ്പിന്റെ തിരുത്തൽ പ്രക്രിയ ഉണ്ടായില്ല.

‘ആ ആക്ഷേപം സഹിക്കാവുന്നതിലുമപ്പുറം’

‘ആത്മരേഖ’ പറയുന്നു: ‘കിളിരൂർ കേസിൽ അന്വേഷണം കാര്യക്ഷമമാക്കാൻ വിഎസ് ചെയ്ത പരിശ്രമത്തിന് ദൗർഭാഗ്യകരമായ വളച്ചുതിരിക്കൽ സംഭവിച്ചു. വിഎസ് ഡൽഹിയിൽ പോയതും ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടതും എസ്എൻസി ലാവ്‌ലിൻ കേസിലെ പ്രതികൾക്കെതിരെ സ്വാധീനിക്കാനായിരുന്നു എന്ന ആരോപണമുയർന്നു; പുറത്തല്ല, അകത്ത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ അലോസരങ്ങൾ രൂപപ്പെട്ട ഘട്ടം. ഓഫിസിലെ താക്കോൽസ്ഥാനത്തുണ്ടായിരുന്ന പഴ്സനൽ സ്റ്റാഫിൽ ഒരാളുടെ സാക്ഷ്യമായിരുന്നു ആരോപണത്തിന് അടിസ്ഥാനമാക്കപ്പെട്ടത്. ആരോപണം അന്വേഷിക്കാൻ കമ്മിഷനും നിയോഗിതമായി.

വിഎസ് വല്ലാതെ ദുഃഖിച്ചു. മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിന് അഭിശപ്തമായ ആക്ഷേപം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ അപമാനിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ചതിവിന്റെ രാഷ്ട്രീയ അടവുകൾ നാളിതുവരെ ആർക്കെതിരെയും പ്രയോഗിച്ചിട്ടില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത സമ്പത്താണ്. അതേസമയം, ചതിക്കപ്പെട്ട അനുഭവം അദ്ദേഹത്തിനുണ്ടായി. ഒന്നല്ല, പല തവണ... .’

‘കമ്മിഷൻ അന്വേഷണം നടത്തി. പക്ഷേ, അലസമായിരുന്നു. സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ സഖാവ്, അതീവ ഗൗരവതരമായ ആരോപണം. അവസാനം ഉള്ളിപൊളിച്ചപോലെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യം ഓർമിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘ആ ആക്ഷേപം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com